ലോകത്തെ ഏറ്റവും വേഗമേറിയ ചാർജിങ് സാങ്കേതിക വിദ്യയുമായി റിയൽമി

0

അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയില്‍ തങ്ങളുടെതായ കണ്ടെത്തല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ റിയല്‍മി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന വാര്‍ഷിക 828 ഫാന്‍ ഫെസ്റ്റില്‍ വെച്ചാണ് പുതിയ ചാര്‍ജിങ് സാങ്കേതിക വിദ്യ റിയല്‍മി അവതരിപ്പിക്കാരുങ്ങുന്നത്. ഓഗസ്റ്റ് 14 നാണ് അവതരണ പരിപാടി.

ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റര്‍ അല്ലാതെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 300 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യയാണ് അവതരിപ്പിക്കാനൊരുങ്ങുന്നത് എന്നാണ് അഭ്യൂഹങ്ങള്‍. ഇങ്ങനെ ഒന്ന് വികസിപ്പിക്കുന്നുണ്ടെന്ന് ജൂണില്‍ റിയല്‍മിയുടെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഫ്രാന്‍സിസ് വോങ് വ്യക്തമാക്കിയിരുന്നു.

‘ഇതിനെ ഒരു അത്ഭുതം എന്ന് വിളിക്കാം’ എന്നാണ് റിയല്‍മിയുടെ പോസ്റ്ററില്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ ചാര്‍ജിങ് ആണിതെന്നും കമ്പനി പോസ്റ്ററില്‍ അവകാശപ്പെടുന്നു. അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് സഹായിച്ച, ചാര്‍ജിങ് പവര്‍, ബാറ്ററി ടെക്‌നോളജി, കണ്‍വേര്‍ട്ടര്‍ സൈസ്, പവര്‍ റിഡക്ഷന്‍ ഡിസൈന്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്പനിയുടെ നാല് പുതിയ കണ്ടുപിടുത്തങ്ങളും കമ്പനി അവതരിപ്പിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യകള്‍, ഫോട്ടോഗ്രഫി സാങ്കേതിക വിദ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഇതോടൊപ്പം ഉണ്ടായേക്കും.

മുമ്പ് റിയല്‍മിയുടെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഫ്രാന്‍സിസ് വോങ് നല്‍കിയ സൂചന അനുസരിച്ച്, 300 വാട്ട് അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മൂന്ന് മിനിറ്റില്‍ ബാറ്ററി 50 ശതമാനം ചാര്‍ജ് ചെയ്യാനാവും വെറും അഞ്ച് മിനിറ്റു കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ചെയ്യാനുമാവും.

നിലവില്‍ ചൈനയില്‍ മാത്രം വില്‍പനയുള്ള റിയല്‍മി ജിടി നിയോ 5 സ്മാര്‍ട്‌ഫോണില്‍ 240 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം റിയല്‍മി ഒരുക്കിയിട്ടുണ്ട്. 4600 എംഎഎച്ച് ബാറ്ററിയാണിതില്‍. ഇത് നാല് മിനിറ്റുകൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാനും പത്ത് മിനിറ്റില്‍ 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാനും സാധിക്കും. അതേസമയം, ഷാവോമിയുടെ സഹസ്ഥാപനമായ റെഡ്മി ഫെബ്രുവരിയില്‍ 300 വാട്ട് ചാര്‍ജിങ് സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയിരുന്നു.

അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയ്‌ക്കൊപ്പം പുതിയ റിയല്‍മി ജിടി 7 പ്രോ സ്മാര്‍ട്‌ഫോണും കമ്പനി പുറത്തിറക്കും. 2024 പകുതിയോടെയാണ് ഇത് ഇന്ത്യന്‍ വിപണിയിലെത്തുക. വരാനിരിക്കുന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 4 ചിപ്പ്‌സെറ്റില്‍ എത്തുന്ന ആദ്യ ഫോണ്‍ ആയിരിക്കും ഇത് എന്നാണ് വിവരം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *