എസ്.എസ്.എൽ.സി. പരീക്ഷയിലെ മാർക്ക് ആവശ്യപ്പെട്ടാൽ വെളിപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയിൽ ഗ്രേഡിങ് തുടരുമെങ്കിലും വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ മാർക്ക് വെളിപ്പെടുത്താൻ തീരുമാനം. പരീക്ഷകഴിഞ്ഞ് മൂന്നുമാസത്തിനുശേഷം ആവശ്യമനുസരിച്ച് മാർക്കുവിവരം കൈമാറാനാണ് വിദ്യാഭ്യാസവകുപ്പിന്റെ അനുമതി.
സംസ്ഥാനത്തിനുപുറത്തും വിദേശത്തും പഠനംതുടരാൻ ആഗ്രഹിക്കുന്നവരും സൈന്യത്തിൽ അഗ്നിവീറിന് അപേക്ഷിക്കുന്നവരും മാർക്കുവിവരങ്ങൾതേടി പൊതുവിദ്യാഭ്യാസവകുപ്പിനെ സമീപിക്കാറുണ്ട്. ആവശ്യക്കാർ കൂടുന്ന സാഹചര്യത്തിലാണ് നിലവിലെ നിബന്ധനയിൽ ഇളവുവരുത്തുന്നത്. അപേക്ഷയനുസരിച്ച് മാർക്കുവിവരങ്ങൾ നൽകാൻ പരീക്ഷാ കമ്മിഷണർക്ക് അനുമതിനൽകി.പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനുശേഷം അപേക്ഷിക്കാം. പരീക്ഷാ സെക്രട്ടറിയുടെപേരിൽ 500 രൂപയുടെ ഡി.ഡി. സഹിതം പരീക്ഷാഭവനിൽ നേരിട്ട് അപേക്ഷിക്കണം.