മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക;ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. തമിഴ്‌നാടുമായി സമവായത്തിനുള്ള സാധ്യതയും മുന്നിലുണ്ടെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ‘മുല്ലപ്പെരിയാറിനെ സംബന്ധിച്ച് പുതിയ ഡാം ഉണ്ടാകണം എന്നാണ് സർക്കാരിന്റെ നിലപാട്. ഇത് നിയമസഭയിൽ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഈ നിലപാടിൽ നിന്നും ഒരു ഇഞ്ച് പോലും മാറാൻ സർക്കാർ വിചാരിക്കുന്നില്ല.
സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസാണ് ഇത്. കോടതി പോലും നമ്മൾ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. തമിഴ്‌നാടിന് ജലലഭ്യത ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ഒരു പുതിയ ഡാം ഉണ്ടാകണമെന്ന കാര്യത്തിൽ കോടതിക്കു പുറമെ സൗഹൃദപരമായി ഇതിൽ ഇടപെടാൻ ആകുമോ എന്നും സർക്കാർ ശ്രമിക്കുന്നുണ്ട്.
കേരളത്തിൽ അത്തരത്തിലുള്ള ഭൂകമ്പങ്ങളെ അതിജീവിക്കാൻ പറ്റിയ നിർമാണങ്ങൾ ഏതാണ് ഉള്ളത്. മുല്ലപ്പെരിയാറും ഇടുക്കിയും മാത്രമല്ല, കേരളത്തിൽ എത്രയോ ഡാമുകളുണ്ട്. വയനാട്ടിൽ ഇങ്ങനെയൊരു ദുരന്തമുണ്ടാകുമെന്ന് ഒരു 15 ദിവസം മുന്നേ അറിയാൻ പറ്റിയിരുന്നെങ്കിൽ എന്തെല്ലാം ചെയ്യാൻ കഴിഞ്ഞേനെ. ഇത്തരം കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.
മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടാൽ ഇടുക്കി ഡാമിൽ വന്നു ചേരും. ഒരു അപകടവുമുണ്ടാകേണ്ട കാര്യമില്ല. പക്ഷേ, ഇടുക്കി ഡാമിലെ വെള്ളം താഴേയ്ക്ക് വിടുമ്പോൾ എറണാകുളത്തുൾപ്പെടെ വെള്ളപ്പൊക്കമുണ്ടാകുന്നു. അതുകൊണ്ട് ഡാം മാനേജ്മെന്റ് രൂപപ്പെടുത്തണം’, റോഷി അഗസ്റ്റിൻ പറഞ്ഞു.
കേന്ദ്രസർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഡീൻ ആവശ്യം ഉന്നയിച്ചിരുന്നു. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. 130 വർഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാൻ എം.പി.യും രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കിൽ പുതിയ അണക്കെട്ട് നിർമിക്കാമെന്ന കേരളത്തിന്റെ നിർദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.