10 വർഷത്തിനു ശേഷം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ്
ശ്രീനഗർ : സെപ്റ്റംബറിൽ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന സന്ദർശനം നിർണായകം. കമ്മിഷന്റെ വിലയിരുത്തലാകും ജമ്മു കശ്മീരിന്റെ തിരഞ്ഞെടുപ്പ് ഭാവി നിശ്ചയിക്കുക. സെപ്റ്റംബർ 30ന് മുൻപു തിരഞ്ഞെടുപ്പു പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിർദേശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, എസ്.എസ്.സന്ധു എന്നിവരാണ് മറ്റന്നാൾ വരെ കശ്മീരിൽ തുടർന്ന് വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകുക.
2024 മാർച്ചിൽ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപു കേന്ദ്രഭരണ പ്രദേശം സന്ദർശിച്ച മൂന്നംഗ കമ്മിഷനിലെ അംഗമെന്ന നിലയിൽ സിഇസി രാജീവ് കുമാർ രാഷ്ട്രീയ പാർട്ടികൾക്കും ജമ്മു കശ്മീരിലെ ജനങ്ങൾക്കും ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ റെക്കോഡ് ജനപങ്കാളിത്തം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ശുഭസൂചന ആയാണ് കമ്മിഷൻ വിലയിരുത്തുന്നത്.