യുവതി മോഷ്ടിച്ച് വിഴുങ്ങിയ അരഞ്ഞാണം കിട്ടിജ്യൂസും പഴങ്ങളും നൽകി പോലീസ്, തൊണ്ടിമുതൽ പുറത്തെത്തി

0

തിരൂര്‍: കിട്ടി സാറേ, കിട്ടി- വെളിക്കിരുന്നൊരു പ്രതിയുമായി തൊണ്ടിമുതല്‍ വീണ്ടെടുക്കാന്‍ കാവല്‍നിന്നിട്ടുണ്ട് പോലീസ്. അത് സിനിമയില്‍. ആ സിനിമയെ അനുസ്മരിപ്പിച്ച സീനുകള്‍ക്കൊടുവില്‍ തിരൂര്‍ പോലീസിന് ആശ്വാസം. കട്ടെടുത്തുവിഴുങ്ങിക്കളഞ്ഞ തൊണ്ടിമുതലായ സ്വര്‍ണം ഒടുവില്‍ പുറത്തെത്തി. അതിന്റെ ദൃക്സാക്ഷി ആരുമാകട്ടെ, ഉദ്വേഗവും മാനസികപിരിമുറുക്കവുമെല്ലാം അവസാനിച്ചിരിക്കുന്നു. സിനിമയില്‍ പോലീസിന്റെ ആയുധം വെള്ളം നിറച്ചൊരു കുപ്പിയും പരാതിക്കാരന്‍ വാങ്ങിക്കൊടുത്തൊരു സിഗററ്റും ആയിരുന്നെങ്കില്‍ ഇവിടെയത് ജ്യൂസും പഴങ്ങളുമെന്ന വ്യത്യാസം മാത്രം.

കഴിഞ്ഞ ദിവസമാണ് സംഭവങ്ങള്‍ക്കുതുടക്കം. തിരൂരിലെ ഒരു പള്ളിയില്‍ നമസ്‌കരിക്കാനെത്തിയ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരപ്പവന്‍ അരഞ്ഞാണം കാണാതായി. അവിടെ നമസ്‌കരിക്കാനെന്ന വ്യാജേനയെത്തിയ നിറമരുതൂര്‍ മലയില്‍ ദില്‍ഷാദ് ബീഗം മോഷ്ടിച്ച് വിഴുങ്ങിയതാണെന്ന് കണ്ടെത്തി. മോഷ്ടാവിനെ കൈയോടെ പിടികൂടി. യുവതിയുടെ ആമാശയത്തിന്റെ എക്‌സ്‌റേയില്‍ തൊണ്ടിമുതല്‍ കണ്ടുവെങ്കിലും പുറത്തെടുക്കാനാവാതെ പോലീസ് പ്രയാസപ്പെട്ടു.

മോഷണക്കേസില്‍ റിമാന്‍ഡ് ചെയ്ത യുവതിയെ തൊണ്ടിമുതല്‍ കണ്ടെടുക്കാനായി തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടതായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയിലും യുവതിയെ പ്രവേശിപ്പിച്ചുവെങ്കിലും സ്വര്‍ണാഭരണം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച തിരൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന യുവതിക്ക് ജ്യൂസും പഴങ്ങളുമെല്ലാം നല്‍കി. ഒടുവില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് ദില്‍ഷാദ് ബീഗത്തിന്റെ വയറ്റില്‍നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.ഇതോടെ ദില്‍ഷാദ് ബീഗത്തെ എ.എസ്.ഐ. ഹൈമാവതിയുടെ നേതൃത്വത്തില്‍ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *