മെഡിക്കൽ അനുബന്ധ കോഴ്‌സുകുടെ പ്രവേശനം: നീറ്റ് ഫലം 11 വരെ ഓൺലൈനായി നൽകാം
തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിച്ചവർ നീറ്റ് ഫലം ഓൺലൈനായി നൽകണം. ഓഗസ്റ്റ് 11-ന് രാത്രി 11.59 വരെ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യമുണ്ട്. നീറ്റ് ഫലം സമർപ്പിക്കാത്തവരെ സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.
എം.ബി.ബി.എസ്., ബി.ഡി.എസ്., ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്‌സുകളിലേക്കും അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ബി.എസ്‌സി. ഓണേഴ്‌സ് കോ- ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. ഓണേഴ്‌സ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റ് സയൻസ്, ബി.ടെക്. ബയോടെക്‌നോളജി(കാർഷിക സർവകലാശാല), വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്‌സുകളിലേക്കുമാണ് നീറ്റ് റാങ്ക് അടിസ്ഥാനമാക്കി സംസ്ഥാന റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0471-2525300.