ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടു; വിനേഷ് ഫോഗട്ട് ആശുപത്രിയിൽ
പാരീസ് ഒളിമ്പിക്സിൽ അയോഗിക്കപ്പെട്ടത് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിമ്പിക്സിൽ അയോഗ്യാക്കപ്പെട്ടതിന് പിന്നാലെ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് താരത്തെ മത്സരത്തിൽ നിന്നും അയോഗ്യാക്കിയത്.
ഇന്ന് നടന്ന ഭാര പരിശോധനയിൽ 100 ഗ്രാം കൂടുതലായതിനെ തുടർന്നാണ് നടപടി. ഫൈനലിലേക്ക് പ്രവേശിച്ച താരത്തിന് 50 കിലോയിൽ അധികം ഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയിട്ടുള്ളത്. രാത്രിയിൽ 2 കിലോയോളം ഭാരം കൂടിയതിനെ തുടർന്ന് കഠിന പരിശ്രമത്തിലൂടെ 1.85 കിലോ ഭാരം വിനേഷ് ഫോഗട്ട് കുറച്ചിരുന്നു. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമാണ് എന്നും ശക്തമായി തിരിച്ചുവരണം എന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി വിനേഷിനെ ആശ്വസിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.
വനിതകളുടെ 50 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഫൈനലിലേക്ക് യോഗ്യത നേടിയ വിനേഷ് സെമിയിൽ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. വിനേഷിന്റെ ഫൈനൽ പ്രവേശനവും 5-0 എന്ന മികച്ച സ്കോറുമായിട്ടായിരുന്നു. വെള്ളിയോ സ്വർണ്ണമോ നേടാമായിരുന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്ക് നിരാശ ഏൽപ്പിച്ചു കൊണ്ടാണ് വിനേഷിന്റെ അയോഗ്യത നടപടി.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് നിർദ്ദേശം നൽകുകയും വിഷയത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും നേരിട്ട് വിവരങ്ങൾ തേടുകയും ചെയ്തു