മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍
മുംബൈ : ഏറെ ശ്രദ്ധിക്കപ്പെട്ട എഡ്‌ജ് സിരീസില്‍ മോട്ടോറോളയുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണാണ് മോട്ടോറോള എഡ്‌ജ് 50. മുന്തിയ സുരക്ഷ, ആകര്‍ഷകമായ ഫീച്ചറുകളുള്ള എഐ ക്യാമറ എന്നിവയാണ് എഡ്‌ജ് 50യുടെ യുഎസ്‌പി എന്നാണ് വിലയിരുത്തലുകള്‍. മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്നതാണ് മറ്റൊരു വിശേഷണം. മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് ഡ്യൂറബിൾ (MIL-STD 810H), ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ എന്നിവയുമായാണ് ഇന്ത്യന്‍ വിപണിയില്‍ എഡ്‌ജ് 50 എത്തിയിരിക്കുന്നത്. ഉറപ്പ് പരിശോധിക്കുന്നതിനുള്ള 16 പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ പകിട്ട് എഡ്‌ജ് 50യുടെ വില്‍പന കൂട്ടും എന്നാണ് പ്രതീക്ഷ. സോണി- ലൈറ്റിയ 700സി സെൻസറും മോട്ടോ എഐ സവിശേഷതകളുമായി മികച്ച എഐ ക്യാമറ എഡ്‌ജ് 50യിലുണ്ട്.
50MP + 13MP + 10MP എന്നിങ്ങനെ വരുന്ന ട്രിപ്പിള്‍ റീയര്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയും മാറ്റുകൂട്ടുമെന്ന് കരുതാം. 120ഹേർട്സ്, 1600നിട്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.7 ഇഞ്ച് പിഒഎൽഇഡി 3ഡി കർവ്ഡ് ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, 30X ഹൈബ്രിഡ് സൂം ഉള്ള ടെലിഫോട്ടോ ലെൻസ് തുടങ്ങിയ സവിശേഷതകളും എഡ്ജ് 50ക്കുണ്ട്. 5000 എംഎഎച്ചിന്‍റെതാണ് ബാറ്ററി. സ്നാപ്‍ഡ്രാഗണ്‍ 7 ജെനറേഷന്‍ 1 ആക്സിലറേറ്റഡ് എഡിഷന്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ 2ജി മുതല്‍ 5ജി വരെ നെറ്റ്‌വര്‍ക്ക് ലഭ്യമാകും. 8 ജിബി+256 ജിബി വേരിയന്‍റില്‍ മാത്രമേ എഡ്‌ജി 50 മോഡല്‍ മോട്ടോറോള ലഭ്യമാക്കുന്നുള്ളൂ.
ഓഗസ്റ്റ് 8 മുതൽ ഫ്ലിപ്‌കാർട്ട്, മോട്ടോറോള.ഇൻ എന്നിവയിലും റീട്ടെയിൽ സ്റ്റോറുകളിലൂടെയുമാണ് വില്‍പന. 27,999 രൂപയാണ് മോട്ടോറോള എഡ്‌ജ് 50യുടെ ഇന്ത്യയിലെ വില. വിവിധ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോഴും ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ച് വാങ്ങുമ്പോഴും 2,000 രൂപ കിഴിവ് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.