കര്‍ണാടകയില്‍ ദേശീയപാത പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു;ഡ്രൈവറെ രക്ഷപ്പെടുത്തി
കാര്‍വാര്‍: കര്‍ണാടകയില്‍ ദേശീയപാത 66-ല്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി. സദാശിവഗഡിനെ കാര്‍വാറുമായി ബന്ധിപ്പിക്കുന്ന പഴയ കാളി പാലമാണ് തകര്‍ന്നുവീണത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഈ സമയത്ത് പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ട്രക്ക് പുഴയിലേക്ക് പതിക്കുകയായിരുന്നു.
ഡ്രൈവറെ മത്സ്യത്തൊളിലാളികളാണ് രക്ഷപ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശിയായ ബാല മുരുകന്‍ ആണ് രക്ഷപ്പെട്ടത്. ഇയാളെ കാര്‍വാറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരകന്നഡ എസ്പി നാരായണ്‍ പറഞ്ഞു.
ഗോവയെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന കാളി നദിക്ക് കുറുകെയുള്ള 40 വര്‍ഷം പഴക്കമുള്ള പാലമാണിത്. പാലംതകര്‍ന്നതിനെത്തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്.