ബാങ്കിനെ കബളിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ;22 വര്‍ഷത്തിന് ശേഷം പ്രതികൾ പിടിയിൽ
ഹൈദരാബാദ്: ബാങ്കിനെ കബളിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം പിടിയിലായി. വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിട്ടും പിടികൂടാന്‍ കഴിയാതിരുന്ന, കോടതി മരിച്ചതായി പ്രഖ്യാപിച്ചയാളെയാണ് കേസെടുത്ത് 22 വര്‍ഷത്തിന് ശേഷം സി.ബി.ഐ. പിടികൂടിയത്. ദീര്‍ഘകാലമായി സന്ന്യാസിയായി കഴിയുന്ന പ്രതിയെ ശ്രീലങ്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തമിഴ്‌നാട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഹൈദരാബാദ് സ്വദേശിയായ വി. ചാലപതി റാവുവാണ് രണ്ട് പതിറ്റാണ്ടായി ആള്‍മാറാട്ടം നടത്തി അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് കഴിഞ്ഞത്. എസ്.ബി.ഐ.യുടെ ഹൈദരാബാദ് ചന്ദുലാല്‍ ബരദാരി ബ്രാഞ്ചിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായിരുന്നു ചാലപതി റാവു. ഇക്കാലയളവില്‍ കൃതിമം കാട്ടി ബാങ്കില്‍നിന്ന് 50 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. സി.ബി.ഐ. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ പ്രതിയെ പിന്നീട് കോടതി മരിച്ചതായും പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സന്ന്യാസിയായി മറ്റൊരുപേരില്‍ കഴിയുന്നതിനിടെ സി.ബി.ഐ. സംഘം പ്രതിയെ പിടികൂടിയത്.