പിഎസ്‌സി ചോദ്യപേപ്പറുകളിലെ തെറ്റുകൾ 9 പരീക്ഷകളിൽ നിന്നു ഒഴിവാക്കിയത് 76 ചോദ്യങ്ങൾ
തിരുവനന്തപുരം : ചോദ്യപേപ്പറുകളിലെ തെറ്റുകൾ കാരണം അടുത്തിടെ നടന്ന 9 പരീക്ഷകളിൽ നിന്നു പിഎസ്‌സി ഒഴിവാക്കിയത് 76 ചോദ്യങ്ങൾ. ശരിയായ ഓപ്ഷൻ ഇല്ലാത്തതും ചോദ്യങ്ങളുടെ ആവർത്തനവും ചോദ്യങ്ങളുടെ പിഴവും കാരണമാണ് ചോദ്യങ്ങൾ റദ്ദാക്കിയത്. കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കിയ പരീക്ഷകളും ഒഴിവാക്കിയ ചോദ്യങ്ങളുടെ എണ്ണവും:
∙മൂന്നുഘട്ടങ്ങളിലായി നടത്തിയ ബിരുദതല പ്രാഥമിക പരീക്ഷ -31
∙അസിസ്റ്റന്റ് ഫാർമസിസ്റ്റ് പരീക്ഷ–11
∙പ്ലാനിങ് ബോർഡിലെ റിസർച്ച് അസിസ്റ്റന്റ് പരീക്ഷ–8
∙കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിലെ അസി.റെക്കോർഡിസ്റ്റ് പരീക്ഷ: 6
∙ജല അതോറിറ്റി സാനിറ്ററി കെമിസ്റ്റ്–6
ഓരോ ചോദ്യത്തിനും താഴെ നൽകിയിരിക്കുന്ന 4 ഓപ്ഷനുകളിൽ ശരിയായ ഉത്തരം ഇല്ലെങ്കിൽ പരീക്ഷയ്ക്കു ശേഷം ആ ചോദ്യങ്ങൾ ഒഴിവാക്കുന്നതാണു രീതി. 100 മാർക്കിന്റെ പരീക്ഷയിൽ നിന്നു ശരാശരി ആറും ഏഴും ചോദ്യങ്ങൾ ഒഴിവാക്കിയാണ് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുക. ഓരോ മാർക്കും നിർണായകമായ പിഎസ്‌സി പരീക്ഷയിൽ ചോദ്യകർത്താക്കളുടെ അശ്രദ്ധ കൊണ്ട് ഉദ്യോഗാർഥികളുടെ ഭാവിയാണ് തുലാസിലാകുന്നതെന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്.
എൽഡി ക്ലർക്ക് പരീക്ഷയിലെ ചോദ്യപേപ്പറിൽ ഒരേ ചോദ്യം രണ്ട് തവണയാണ് ചോദിച്ചത്. 12, 41 നമ്പറുകളിലാണ് ഒരേ ചോദ്യം ആവർത്തിച്ചു വന്നത്. 2024ലെ ലോക പരിസ്ഥിതി ദിന ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യം ഏത്? എന്ന ചോദ്യം ആണ് രണ്ടിടത്തു വന്നത്. രണ്ട് ചോദ്യങ്ങൾക്കും താഴെ നൽകിയ 4 ഓപ്ഷനുകളിൽ മൂന്നെണ്ണം വ്യത്യസ്തവും ശരിയുത്തരം രണ്ടിലും നൽകുകയും ചെയ്തു.
എഴുത്തു പരീക്ഷകളിൽ ചോദ്യങ്ങൾക്കു താഴെ നൽകുന്ന ഓപ്ഷനിൽ ശരിയുത്തരം നൽകാത്തതു കാരണം റദ്ദാക്കേണ്ടി വന്ന ചോദ്യങ്ങളുടെ എണ്ണം അറിയാൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്കും ഉത്തരം നൽകാതെ പിഎസ്‌സി ഒഴിഞ്ഞു മാറി. കഴിഞ്ഞ 5 വർഷത്തിനിടെ ഒഴിവാക്കിയ ചോദ്യങ്ങളുടെ എണ്ണം ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്കു പിഎസ്‌സി നൽകിയ മറുപടി ഇങ്ങനെ: വിവരം ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല. വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട സെക്‌ഷനിലെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ജോലിഭാരം കൂടുതലെന്നും വിവരം ക്രോഡീകരിച്ചു നൽകാൻ നിർവാഹമില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ജീവനക്കാരുടെ ദൗർലഭ്യവും ജോലിഭാര കൂടുതലും അപേക്ഷകൻ ആവശ്യപ്പെടുന്ന വിവരങ്ങൾ നിഷേധിക്കാനുള്ള മതിയായ കാരണങ്ങൾ അല്ലെന്ന കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ് നിലനിൽക്കെയാണ് ഇതേ കാരണം പറഞ്ഞ് പിഎസ്‌സി അടിസ്ഥാന വിവരം നിഷേധിച്ചത്.