ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണ പങ്കാളിയാണ് ടാറ്റ ഗ്രൂപ്പ്; വിവോ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറി
സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വിവോ ഇന്ത്യയുടെ പ്രധാന ഓഹരികള്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറി ടാറ്റ ഗ്രൂപ്പ്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ എതിര്‍ത്തതാണ് ഈ ഏറ്റെടുക്കലിന് തടസമായതെന്നാണ് വിവരം. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കമ്പനിയെ ഭാരതീയ വത്കരിക്കുക എന്ന ലക്ഷ്യത്തോടെ 51 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പിന് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു വിവോ ഇന്ത്യ.
എന്നാല്‍ ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണ പങ്കാളിയാണ് ടാറ്റ ഗ്രൂപ്പ്. ബെംഗളുരുവിലെ ടാറ്റയുടെ ഫാക്ടറിയിലാണ് ഐഫോണുകള്‍ ഉത്പാദിപ്പിക്കുന്നത്. ഈ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ആപ്പിള്‍ ഇടപാടിനെ എതിര്‍ത്തത് എന്നാണ് വിവരം. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ എതിരാളികളിലൊന്നാണ് വിവോ. ഈ എതിര്‍പ്പ് ആയിരിക്കാം ടാറ്റയും വിവോയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തടസമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.
അടുത്തിടെ എംജി മോട്ടോര്‍ ഉടമയായ ചൈനീസ് കമ്പനി സായിക് ഗ്രൂപ്പ് കമ്പനിയുടെ കൂടുതല്‍ ഓഹരി സജ്ജന്‍ ജിന്‍ഡാലിന്റെ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പിന് വിറ്റിരുന്നു. ഐടെല്‍, ഇന്‍ഫിനിക്‌സ്, ടെക്‌നോ തുടങ്ങിയ ബ്രാന്റുകളുടെ ഉടമയായ ട്രാന്‍ഷന്‍ ടെക്‌നോളജി എന്ന ചൈനീസ് കമ്പനിയുടെ 56 ശതമാനം ഓഹരി സുനില്‍ വചനിയുടെ ഡിസ്‌കണ്‍ ഇലക്ട്രോണിക്‌സും ഏറ്റെടുത്തിരുന്നു.