എസ്ബിഐയിൽ നിന്ന് 50 ലക്ഷവുമായി മുങ്ങി; 20 വർഷം കഴിഞ്ഞ് പിടിയിൽ

0

ചെന്നൈ : ബാങ്കിൽ നിന്ന് പണം തട്ടി ഒളിവിൽപ്പോയ മുൻ ജീവനക്കാരൻ 20 വർഷത്തിന് ശേഷം പിടിയിൽ. വി ചലപതി റാവു എന്നയാളാണ് അറസ്റ്റിലായത്.ഇയാൾ ഒളിവിലായിരിക്കെ ആശ്രമത്തിൽ നിന്നും 70 ലക്ഷം തട്ടിയിരുന്നു. കോടതി നേരത്തെ മരിച്ചെന്ന് പ്രഖ്യാപിച്ച പ്രതിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ നർസിംഗനല്ലൂർ ഗ്രാമത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇതിനകം തന്‍റെ ഫോൺ നമ്പർ പത്ത് തവണ മാറ്റിയിട്ടുണ്ട്. കടൽമാർഗ്ഗം ശ്രീലങ്കയിലേക്ക് രക്ഷപ്പെടാനും പദ്ധതിയിട്ടിരുന്നു. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ റാവുവിനെ ഓഗസ്റ്റ് 16 വരെ റിമാൻഡ് ചെയ്തു.

2002 മെയിലാണ് സിബിഐ ചലപതി റാവുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഹൈദരാബാദിൽ എസ്ബിഐയുടെ ചന്ദുലാൽ ബിരാദാരി ബ്രാഞ്ചിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇലക്ട്രോണിക് ഷോപ്പുകളുടെ വ്യാജ ക്വട്ടേഷനുകളും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും പേരിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും നിർമിച്ചാണ് ഇയാൾ പണം തട്ടിയത്. 2004 മുതൽ കാണാതായ റാവുവിനെതിരെ 2004 ഡിസംബർ 31ന് സിബിഐ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചു. റാവുവിനെ കാണാതായതിനെ തുടർന്ന് ഭാര്യ ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു. തട്ടിപ്പ് കേസിൽ ഭാര്യയും പ്രതിയാണ്. റാവുവിനെ കാണാതായി ഏഴ് വർഷത്തിന് ശേഷം മരിച്ചതായി പ്രഖ്യാപിക്കാൻ ഭാര്യ സിവിൽ കോടതിയെ സമീപിച്ചു. തുടർന്നാണ് ഹൈദരാബാദിലെ സിവിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ 2007ൽ സേലത്തേക്ക് പോയ ചലപതി റാവു, എം വിനീത് കുമാർ എന്ന് പേരുമാറ്റി അവടെയുള്ള സ്ത്രീയെ വിവാഹം ചെയ്തു. 2014-ൽ റാവു സേലം വിട്ട് ഭോപ്പാലിലെത്തി, അവിടെ വായ്പാ റിക്കവറി ഏജന്‍റായി ജോലി ചെയ്തു. അവിടെ നിന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെത്തി സ്കൂളിലും ജോലി ചെയ്തു. 2016ൽ രുദ്രാപൂർ വിട്ട് ഔറംഗബാദിലെ ഗ്രാമത്തിലെ ആശ്രമത്തിലെത്തി. അവിടെ നിന്ന് സ്വാമി വിധിതാത്മാനന്ദ തീർത്ഥ എന്ന പേരിൽ ആധാർ കാർഡ് സ്വന്തമാക്കി. രാജസ്ഥാനിലെ ഭരത്പൂരിലേക്ക് താമസം മാറുന്നതിന് മുമ്പ് റാവു ആശ്രമത്തിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തു. ഈ വർഷം ജൂലൈ എട്ടിന് തിരുനെൽവേലിയിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റിലായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *