നവജാതശിശു മരിച്ച കേസില്‍ അമ്മയ്ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും
കൊല്ലം: കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചതിന നവജാതശിശു മരിച്ച കേസില്‍ അമ്മയ്ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(25)യെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി.എന്‍.വിനോദ് ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 പാര്‍ട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.
2021 ജനുവരി അഞ്ചിന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജനിച്ച് അധികസമയം ആകാത്ത ആണ്‍കുഞ്ഞിനെയാണ് പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാതെ, രേഷ്മയുടെ വീടിന്റെ പിന്നിലെ റബ്ബര്‍തോട്ടത്തിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായിരുന്ന കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം എസ്.എ.ടി.യിലുമെത്തിച്ചെങ്കിലും മരിച്ചു. ഡി.എന്‍.എ. പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിയുന്നത്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 31 സാക്ഷികളെ വിസ്തരിച്ചു. 66 രേഖകള്‍ ഹാജരാക്കി. പ്രതിയുടെ അമ്മ ഗീതയും ഭര്‍ത്താവിന്റെ അമ്മ ഗിരിജകുമാരിയും മറ്റ് അയല്‍ക്കാരായ സാക്ഷികളും കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന പ്രതിയുടെ ഭര്‍ത്താവ് വിഷ്ണു പിന്നീട് കോടതിയില്‍ പ്രതിഭാഗം സാക്ഷിയായി. നവജാതശിശുവിന്റെ മാതാപിതാക്കളാണ് പ്രതിയും ഭര്‍ത്താവായ വിഷ്ണുവും എന്നു കണ്ടെത്തിയ ഡി.എന്‍.എ. ഫലം കോടതി അംഗീകരിക്കുകയായിരുന്നു.