കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല
ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഈശ്വർ മൽപെ സ്ഥലത്തില്ല. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. മൃതദേഹം ജീർണാവസ്ഥയിലാണ്. അതുകൊണ്ടുതന്നെ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈശ്വർ മൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്. ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. നേരത്തെ, അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശമുണ്ട്. ഇതും ചേർത്ത് പരിശോധിക്കണമെന്ന് കുടുംബം പറയുന്നു.
കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവിൽ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.