ജാൻവി കപൂർ പ്രധാനവേഷത്തിലെത്തിയ പുതിയ ചിത്രം ‘ഉലജ്’ ബോക്സോഫീസിൽ തകരുന്നു
ജാൻവി കപൂർ പ്രധാനവേഷത്തിലെത്തിയ പുതിയ ചിത്രം ‘ഉലജ്’ ബോക്സോഫീസിൽ തകരുന്നു. റിലീസ് ചെയ്ത് നാല് ദിനം പിന്നിടുമ്പോഴും 10 കോടി രൂപ പോലും സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് 5.5 കോടി രൂപ മാത്രമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യദിനം ഇന്ത്യയിൽ നിന്ന് 1.15 കോടി രൂപ സ്വന്തമാക്കിയ ചിത്രം നാലാം ദിനം 60 ലക്ഷം രൂപ മാത്രമാണ് നേടിയത്. ജാൻവിക്ക് പുറമെ റോഷൻ മാത്യുവും ആദിൽ ഹുസെെനും ചിത്രത്തിൽ എത്തിയിരുന്നു. 50 കോടിയോളം രൂപയാണ് ചിത്രത്തിൻ്റെ ബജറ്റ്. സുധാൻഷു സരിയ സംവിധാനം ചെയ്ത ചിത്രം ഒരു സ്പൈ ത്രില്ലറാണ്.
അതേസമയം, ബോളിവുഡിൻ്റെ കഷ്ടകാലം തുടരുകയാണ്. ഈയടുത്ത് റിലീസായ അക്ഷയ് കുമാർ ചിത്രം ‘സര്‍ഫിറാ’ ബോക്സോഫീസിൽ പരാജയമായിരുന്നു. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പ്രോട്രിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. അക്ഷയ് കുമാറിന്റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആയിരുന്നു.
വളരെ കുറച്ച് ബോളിവുഡ് ചിത്രങ്ങൾ മാത്രമാണ് ഈ വർഷം ബോക്സോഫീസിൽ നിന്ന് നേട്ടമുണ്ടാക്കിയത്. ഹൃത്വിക് റോഷൻ്റെ ‘ഫെെറ്റർ’, അജയ് ദേവ്ഗൺ- മാധവൻ ചിത്രം ‘ശെെത്താൻ’ എന്നിവയാണ് ഇക്കൊല്ലം തിളങ്ങിയ ബോളിവുഡ് സിനിമകൾ.