ബഹിരാകാശത്ത് മനുഷ്യരെ പോലെ ഹൈടെക്ക് ജീവികൾ;പുതിയ പഠനം
ബഹിരാകാശ ഗവേഷണ ദൗത്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഭൂമിയ്ക്ക് പുറത്ത് ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന അന്വേഷണമാണ്. വര്‍ഷങ്ങളായുള്ള ഈ അന്വേഷണങ്ങളിലൊന്നും തന്നെ മനുഷ്യരെ പോലെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ വികസിതരായ മറ്റൊരു ലോകം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ പ്രപഞ്ചത്തില്‍ നമ്മള്‍ ഭൂമിയില്‍ ഒറ്റയ്ക്കാണോ? എന്തുകൊണ്ടാണ് ഇതുവരെയും നമ്മളുടെ അത്രയും വികസിതരായ അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ സാധിക്കാതിരുന്നത്. ഇതിനുള്ള കാരണങ്ങള്‍ വിശദമാക്കുകയാണ് ആസ്ട്രോ ഫിസിക്കൽ ജേണലിൽ വന്ന പുതിയൊരു പഠനം.
അന്യഗ്രഹ ജീവികളുടെ ഊർജ ഉപയോഗം കുറവായിരിക്കാം എന്നും അതായിരിക്കാം അവരെ കണ്ടെത്താന്‍ സാധിക്കാത്തതിനുള്ള പ്രധാന കാരണമെന്നും എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മിതമായ അളവില്‍ മാത്രമാണ് അവര്‍ ഊര്‍ജം ഉപയോഗിക്കുന്നത് എങ്കില്‍, നമ്മുടെ ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് എളുപ്പം കണ്ടെത്താന്‍ കഴിയുന്ന ഭീമാകാരമായ സോളാര്‍ പാനലുകള്‍ പോലെയുള്ള കൂറ്റന്‍ സംവിധാനങ്ങള്‍ അവര്‍ക്ക് നിര്‍മിക്കേണ്ട ആവശ്യമില്ല.
ഭൂമിയിലെ ജനസംഖ്യ 3000 കോടിയായി വളരുകയും സൗരോര്‍ജത്തെ മാത്രം ആശ്രയിക്കുകയും ചെയ്താല്‍ പോലും ഭൂമിയില്‍ പതിക്കുന്ന മൊത്തം സൂര്യപ്രകാശത്തേക്കാള്‍ വളരെ കുറച്ച് ഊര്‍ജം മാത്രമേ നാം ഉപയോഗിക്കുള്ളൂവെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവ് രവി കൊപ്പറാപ്പു വിശദീകരിക്കുന്നു. അതിനാല്‍ അന്യഗ്രഹ നാഗരികതകള്‍ക്ക് ഗാലക്‌സിയില്‍ ഉടനീളം വ്യാപിക്കുന്ന സാങ്കേതിക വിദ്യകള്‍ ആവശ്യമായി വന്നേക്കില്ല. സുസ്ഥിരമായ ജനസംഖ്യ, സുസ്ഥിരമായ ഊര്‍ജ ഉപഭോഗ നിരക്ക് എന്നിവ കൈവരിച്ചിട്ടുണ്ടെങ്കില്‍ അന്യഗ്രഹ നാഗരികതകള്‍ ഗാലക്‌സിയിലൂടനീളം വ്യാപിക്കാന്‍ നിര്‍ബന്ധിതരാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനി സാങ്കേതികമായി മുന്നേറിയിട്ടുണ്ടെങ്കില്‍ നക്ഷത്രങ്ങളെ ആശ്രയിച്ചുള്ള ഊര്‍ജ്ജ ഉത്പാദന രീതി അവിടെ കാലാഹരണപ്പെട്ടിട്ടുണ്ടാവാമെന്ന് പേപ്പറിന്റെ സഹ-രചയിതാവായ വിന്‍സെന്റ് കോഫ്മാന്‍ കൂട്ടിച്ചേര്‍ത്തു. ബഹിരാകാശത്ത് വലിയ നിര്‍മിതികള്‍ സ്ഥാപിക്കാന്‍ കഴിവുള്ള ഒരു സമൂഹത്തിന് ന്യൂക്ലിയര്‍ ഫ്യൂഷനോ ബഹിരാകാശത്ത് കാര്യക്ഷമമായ മറ്റ് വൈദ്യുതി ഉല്‍പ്പാദന രീതികളോ വികസിപ്പിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിവിധ തരം സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുടെ മാതൃകകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ഗവേഷകര്‍ നടത്തി. 30 പ്രകാശ വര്‍ഷം അകലെയുള്ള സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്ന ഗ്രഹങ്ങള്‍ കണ്ടെത്തണമെങ്കില്‍ നാസ രൂപകല്‍പന ചെയ്തിട്ടുള്ളതും ഇതുവരെ നിര്‍മിച്ചിട്ടില്ലാത്തതുമായ ഹാബിറ്റബിള്‍ വേള്‍ഡ് ഒബ്‌സര്‍വേറ്ററി പോലുള്ള ദൂരദര്‍ശിനി ഉപയോഗിച്ച് നൂറൂകണക്കിന് മണിക്കൂറുകള്‍ നിരീക്ഷിക്കേണ്ടി വരുമെന്നും ഗവേഷകര്‍ പറയുന്നു.
ഭൂമിയില്‍ 3000 കോടി മനുഷ്യരുണ്ടെങ്കില്‍ 8.9 ശതമാനം സോളാര്‍ പാനല്‍ കവറേജ് മാത്രമേ ആവശ്യമുള്ളൂ. സിലിക്കണിന്റെ ലഭ്യതയും കാര്യക്ഷമതയും കാരണം അത് ഉപയോഗിച്ച് അന്യഗ്രഹ ജീവികള്‍ സോളാര്‍ പാനലുകള്‍ നിര്‍മിച്ചേക്കാം. എന്നാല്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ പോലുള്ള മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കുകയാണെങ്കില്‍, അത് സിലിക്കണ്‍ ടെക്‌നോസിഗ്‌നേച്ചര്‍ കുറയ്ക്കും. അങ്ങനെ വന്നാല്‍ നമ്മുടെ ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ആ സമൂഹങ്ങളെ കണ്ടെത്തുന്നത് കൂടുതല്‍ പ്രയാസകരമാക്കും.
അന്യഗ്രഹ ജീവികള്‍ക്കിടയില്‍ ഭൂമിയിലേത് പോലെ വലിയ രീതിയിലുള്ള ഊര്‍ജ ഉപയോഗവും സാങ്കേതിക വിദ്യാ ഉപയോഗവും ഇല്ലാത്തതാണ് അവരെ കണ്ടെത്താന്‍ നമ്മള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതെന്ന് പഠനം നിരീക്ഷിക്കുന്നു. നമ്മുടെ നിരീക്ഷണ സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുന്നതോടെ പ്രപഞ്ചത്തിലെ വികസിതരായ മറ്റ് നാഗരികതകളെ കണ്ടെത്താന്‍ സാധിച്ചേക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.