സ്യൂട്ട്‌കേസിൽ മൃതദേഹവുമായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ടുപേർ അറസ്റ്റിൽ
മുംബൈ: സ്യൂട്ട്‌കേസിൽ മൃതദേഹവുമായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ ദാദർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ജയ് പ്രവീൺ ചാവ്ദ, കൂട്ടാളി ശിവ്ജീത് സുരേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ റെയിൽവേ സ്റ്റേഷനിൽ വെച്ചും രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാമനെ ഉൽഹാസ്‌നഗറിൽ വെച്ചുമാണ് പോലീസ് പിടികൂടിയത്.
കൊലപാതകത്തിനു ശേഷം പ്രതികൾ മൃതദേഹവുമായി ട്രെയിനിൽ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ ലഗേജ് പരിശോധനയ്ക്കിടെയാണ് സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തിയത്.
പൈധോനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് വ്യക്തമായി. സാന്താക്രൂസിൽ താമസിക്കുന്ന അർഷാദ് അലി ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതിയുടെ വീട്ടിൽ നടന്ന വിരുന്നിനിടെ പെൺസുഹൃത്തിന്റെ പേരിലുണ്ടായ തർക്കവും തുടർന്നുണ്ടായ കയ്യാങ്കളിയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
പിടിയിലായവർക്കെതിരെ ദാദർ റെയിൽവേ പോലീസ് കേസെടുത്തു. കൊല്ലപ്പെട്ടയാളും പ്രതികളും കേൾവി, സംസാര ഭിന്നശേഷിക്കാരാണ്. ആംഗ്യഭാഷാ വിദഗ്ധന്റെ സഹായത്തോടെയാണ് പോലീസ് പ്രതികളെ ചോദ്യം ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.