വയനാട്ടിലെ ദുരന്ത മേഖലയിൽ ഇന്ന് പ്രധാനപ്പെട്ട തിരച്ചിൽ ദൗത്യം
മുണ്ടക്കൈ : വയനാട്ടിലെ ദുരന്ത മേഖലയിൽ ഇന്ന് പ്രധാനപ്പെട്ട തിരച്ചിൽ ദൗത്യം. ഉരുൾപൊട്ടലിൽ കുടുങ്ങിയവർക്കായി സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചു തിരച്ചിൽ നടത്താൻ തീരുമാനിച്ചതായി റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു. ചാലിയാറിന്റെ ഇരുകരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ഭാഗത്ത് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തിരച്ചിൽ നടത്തുക.
പരിശീലനം നേടിയ 2 വനംവകുപ്പ് ഉദ്യോഗസ്ഥരും 6 സൈനികരും അടങ്ങുന്ന 12 പേർ രാവിലെ 8ന് എസ്കെഎംജെ ഗ്രൗണ്ടിൽ നിന്നും എയർ ലിഫ്റ്റിങ്ങിലൂടെ സ്ഥലത്ത് എത്തിച്ചേരും. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചിൽ നടത്തും. അവിടെനിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടതുണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ വിളിച്ച് കുടിശ്ശിക ചോദിക്കുന്ന ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങൾ കർശനമായ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചാലിയാർ പുഴയിൽ ഇന്നലെ നടത്തിയ തിരച്ചിലിൽ 2 ശരീര ഭാഗങ്ങൾ ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയിൽനിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 76 ആയി. ദുരന്തത്തിൽ 392 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്ക് അനുസരിച്ച് മരണം 227.
തിരിച്ചറിയാത്ത 27 മൃതദേഹങ്ങളും 154 മൃതദേഹ ഭാഗങ്ങളും പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷൻ ശ്മശാനത്തിൽ ഇന്നലെ സർവമത പ്രാർഥനയോടെ സംസ്കരിച്ചു. വയനാട് ദുരിതബാധിതരെ സഹായിക്കാൻ 5 ദിവസത്തെ ശമ്പളം നൽകാമെന്നു സർക്കാർ ജീവനക്കാരുടെ സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.