റിലേഷൻ കൊള്ളില്ല; ബ്രേക്കപ്പിനെ കുറിച്ച് ഷൈൻ ടോം
മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിൽ വേർപിരിഞ്ഞ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു ഇത്. ഇപ്പോഴിതാ ബ്രേക്കപ്പിനെ കുറിച്ച് ഷൈൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തന്റെ ജീവിതത്തിൽ ഒരു പെണ്ണ് വേണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും അത് സംഭവിച്ച് പോകുന്നതാണെന്നും നടൻ പറയുന്നു. “അതേ ഞാൻ വീണ്ടും സിംഗിൾ ആണ്. എന്റെ ലൈഫിൽ ഒരു പെണ്ണും വേണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടേ ഇല്ല. അതെന്നെ കൊണ്ട് സാധിക്കുന്ന കാര്യവുമല്ല. പ്രണത്തോടും താല്പര്യം ഇല്ല. പക്ഷേ അതിലേക്ക് വീണ്ടും വീണ്ടും ചെന്ന് പെടുന്നതാണ്. അതൊരു മാനസിക ബലഹീനതയാകാം. എന്നെ കൊണ്ട് ഒരു റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. എനിക്കും ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയ്ക്കും അതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. എന്റെ കൂടെ തന്നെ നിൽക്കണം എന്ന് പറഞ്ഞ് അയാളെ പിടിച്ചു നിർത്താനാകില്ല”, എന്ന് ഷൈൻ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.