ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ അഞ്ചാം വാർഷികത്തിൽ ജമ്മു കശ്മീരിൽ അതീവ ജാ​ഗ്രത

0

ശ്രീന​ഗർ: ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ അഞ്ചാം വാർഷികത്തിൽ ജമ്മു കശ്മീരിൽ അതീവ ജാ​ഗ്രത. അക്രമങ്ങൾ തടയുന്നതിന് ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചു. അമർനാഥ് യാത്ര ഒഴിവാക്കാനും ഡ്രൈ ഡേ ആചരിക്കാനും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മുൻകരുതൽ നടപടിയുടെ ഭാ​ഗമായി അമർനാഥ് യാത്ര താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ഭഗവതി നഗർ ബേസ് ക്യാമ്പിൽനിന്ന് കശ്മീരിലേക്ക് തിങ്കളാഴ്ച തീർഥാടകരെ കടത്തിവിടുന്നില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിൻ്റെ ഇന്ത്യൻ യൂണിയനിലേക്കുള്ള സമ്പൂർണ ഏകീകരണത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ‘ഏകാത്മ മഹോത്സവ്’ റാലി സംഘടിപ്പിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ആർഎസ് പുരയിലെ ബാന സിങ് സ്റ്റേഡിയത്തിലാണ് റാലി. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കോൺ​ഗ്രസും പിഡിപിയുമടക്കമുള്ള പാർട്ടികൾ ബിജെപിക്കെതിരെ രം​ഗത്തെത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പിഡിപി ഓഗസ്റ്റ് അഞ്ച് കരിദിനമായി ആചരിക്കുകയും പാർട്ടി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *