‘വിവാദ സ്വത്ത്’ വിൽക്കാനൊരുങ്ങി കങ്കണ
ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് മുംബൈ ബാന്ദ്രയിലുള്ള തന്റെ വീട് വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 40 കോടി രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നതെന്നും കോഡ് എസ്‌റ്റേറ്റ് എന്ന യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഈ വീട്ടില്‍ തന്നെയാണ് കങ്കണയുടെ സിനിമാ നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസുമുള്ളത്.
3042 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നില്‍ക്കുന്നത് 285 സ്ക്വയര്‍ മീറ്റര്‍ പ്ലോട്ടിലാണെന്നും വീഡിയോയില്‍ പറയുന്നു. ഇതിനൊപ്പം 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാര്‍ക്കിങ് ഏരിയയുമുണ്ട്. രണ്ട് നിലകളിലായാണ് വീട് പണിതിരിക്കുന്നത്.
2020-ല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ് കങ്കണയുടെ ഈ വീട്. നിയമവിരുദ്ധമായ നിര്‍മാണം നടന്നുവെന്ന് ആരോപിച്ച് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) ഈ വീട് പൊളിച്ചുനീക്കാന്‍ നീക്കം നടത്തിയിരുന്നു. ഓഫീസിന്റെ കുറച്ച് ഭാഗങ്ങള്‍ പൊളിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതിയുടെ സ്‌റ്റേ വന്നതോടെ അത് നിര്‍ത്തിവെച്ചു. കോര്‍പറേഷനെതിരെ കങ്കണ കേസ് ഫയല്‍ ചെയ്യുകയും രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. 2023 മെയിലാണ് താരം ഈ കേസ് പിന്‍വലിച്ചത്.
എംപിയായ ശേഷം കങ്കണ ഹിമാചല്‍ പ്രദേശിലും ന്യൂഡല്‍ഹിയിലുമാണ് അധികസമയവും ചെലവഴിക്കുന്നത്. അതിനാലാണ് മുംബൈയിലെ വീട് വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം സിനിമകളുടെ തുടര്‍ച്ചയായ പരാജയമാണ് കങ്കണയുടെ ഈ നീക്കത്തിന് പിന്നിലെന്നും സൂചനകളുണ്ട്.