സംഭവിച്ചത് മിന്നൽ ദുരന്തം; വയനാടിനായി കൈകോർക്കാം; മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത പ്രകൃതി ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലൈവത്തോൺ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവമായ ദുരന്ത പട്ടികയിലാണ് ഇത് ഉൾപ്പെടുന്നത്. വിങ്ങുന്ന മനസോടെയാണ് ഇത് പറയുന്നത്. കൺമുന്നിൽ ഒരു നാട് അപ്പാടെ ഒലിച്ചുപോയി. യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം നടത്തി. മിന്നൽ വേഗത്തിൽ കര-നാവിക-വ്യോമ സേനകൾ എത്തി. ഹെലികോപ്റ്ററുകളും രക്ഷാസംവിധാനങ്ങളും ഒരുക്കി. കേന്ദ്ര സർക്കാർ നന്നായി സഹായിച്ചുവെന്നും ഒരുപാട് ജീവൻ രക്ഷിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉറങ്ങിക്കിടന്നവർക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ മരണത്തിന്റെ പിടിയിലായ ദുരന്തമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭൂപ്രദേശം ചീന്തിയെടുത്തത് പോലെ അപ്രത്യക്ഷമായി. കാണാതായവരും മരിച്ചവരും രക്ഷപ്പെട്ടവരും എക്കാലവും മനസിൻ്റെ നീറ്റലാണ്. വയനാട് ദുരന്തം മാറാത്ത ആധിയാണ്. ഒന്നുകൊണ്ടും പകരം വെക്കാനാവാത്തതും ഒരു കാലത്തും പരിഹരിക്കാൻ കഴിയാത്തതുമാണ് ദുരന്തത്തിലെ ജീവ നഷ്ടം. ആശ്വാസമറ്റവർക്ക് ആശ്വാസവും ആലംബവും സഹായവും എത്തിക്കാനാകണം. എന്തെല്ലാം ഉണ്ടായാലും മതിയാവാത്ത സ്ഥിതിയാണ്. റീബിൽഡ് വയനാടിനായി നീക്കിവെക്കുന്ന ഒരു തുകയും നിസാരവുമല്ല അധികവുമല്ല. ഭൗതിക സഹായം ഒരുക്കാൻ മനസുകൊണ്ട് തയ്യാറാകണം. കേരള സമൂഹത്തിനാകെ ആ മനുഷ്യത്വമുള്ള മനസുണ്ടെന്നത് പ്രത്യാശയാണ്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ പരിപാടിക്ക് പിന്നിലും ആ മനസാണ് ഉള്ളത്.
മിന്നൽ ദുരന്തമാണ് ഉണ്ടായത്. ഒരു തരത്തിലും പ്രതീക്ഷിച്ചില്ല. ദുരന്ത മുന്നറിയിപ്പ് ഉണ്ടായതിലും വളരെ ദൂരെയാണ് അപകടം ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനം മൂലമാണ് അപ്രതീക്ഷിത ദുരന്തം നമുക്കുണ്ടാകുന്നത്. തുടർച്ചയായി പ്രളയവും മഴക്കെടുതിയും നമ്മൾ മറികടമന്നു. അതാണ് ഇപ്പോഴും പ്രത്യാശ. പുനർനിർമ്മാണം പോലും ദുഷ്കരമാകുന്നതാണ് ഭൗതിക നഷ്ടങ്ങൾ. റോഡുകൾക്കും പാലങ്ങൾക്കും വീടുകൾക്കും അടക്കം നഷ്ടമുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾക്ക് വരെ നഷ്ടമുണ്ടായി. റീബിൽഡ് വയനാട് ഏറെ പ്രധാനപ്പെട്ടതാണ്. അതീവ ശ്രമകരമായ ബൃഹത് ദൗത്യമാണ് മുന്നിലുള്ളത്. എല്ലാം തകർന്നവർക്ക് ജീവിതം ഏർപ്പാടാക്കണം. യുവാക്കൾക്ക് തൊഴിലും കുട്ടികൾക്ക് വിദ്യാഭ്യാസവുമടക്കം നാടിനെയാകെ വീണ്ടെടുക്കേണ്ടതുണ്ട്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും സിഎംഡിആർഎഫിലേക്ക് സഹായം നൽകുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഈ ദൗത്യം അതിന് മികച്ച ശ്രമമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.