സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനം യുഎസ് റദ്ദാക്കി

0

വാഷിങ്ടൺ : 2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്ററിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെയുള്ള 3 പ്രതികളുടെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനം യുഎസ് പിൻവലിച്ചു. ഒത്തുതീർപ്പ് പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് തീരുമാനം റദ്ദാക്കുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കടുത്ത എതിർപ്പുയർത്തിയതിനെത്തുടർന്നാണ് തീരുമാനം.

ഖാലിദ് ഷെയ്ഖ് മുഹമ്മദിനെക്കൂടാതെ വലീദ് ബിൻ അത്താഷ്, മുസ്തഫ അൽ ഹൗസാവി എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുമെന്നും പകരം 3 പേരും കുറ്റസമ്മതം നടത്തണമെന്നും യുഎസ് ഒത്തുതീർപ്പിലെത്തിയിരുന്നു.സൈനിക കമ്മിഷനുകളുടെ ഏകോപനച്ചുമതലയുള്ള സൂസൻ എസ്‌കാലിയർ ആണ് പ്രതികളുമായി പൂർവ വിചാരണ ധാരണയിലെത്തിയത് അടുത്തയാഴ്ച കേസിന്റെ വിചാരണ ആരംഭിക്കാനാരിക്കേയായിരുന്നു ഒത്തുതീർപ്പ്. ധാരണയുടെ വിവരങ്ങൾ വ്യക്തമാക്കി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കൾക്ക് പ്രോസിക്യൂട്ടർമാർ കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ എതിർപ്പുയർന്നതോടെ കരാർ റദ്ദാക്കുകയായിരുന്നു. ഭീകരാക്രമണക്കേസ് പ്രതികളുടെ കേസിന്റെ ഏകോപനച്ചുമതല നേരിട്ട് ഏറ്റെടുത്ത ലോയ്ഡ് ഓസ്റ്റിൻ ഇത്തരം തീരുമാനമെടുക്കേണ്ട ഉത്തരവാദിത്വം പ്രതിരോധ സെക്രട്ടറിയെന്ന നിലയിൽ തന്റേതാണെന്നും വ്യക്തമാക്കി.

20 വർഷത്തോളമായി ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിൽക്കഴിയുന്ന പ്രതികളുമായി രണ്ടുവർഷത്തിലേറെ നടത്തിയ ചർച്ചകളെത്തുടർന്നാണ് സൂസൻ എസ്കാലിയർ ഒത്തുതീർപ്പിലെത്തിയത്. 9/11 ഭീകരാക്രമണത്തിൽ 3000ത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. വിമാനം ഇടിച്ചുകയറ്റിയുള്ള ആക്രമണത്തിനു പിന്നിൽ ഖാലിദ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. കുവൈത്തിൽ എൻജിനീയറായിരുന്ന ഖാലിദ് പാക്ക് വംശജനാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *