കശ്മീർ ആക്രമണം: അപൂർവ നടപടിയുമായി കേന്ദ്രം

0

ന്യൂഡൽഹി : ജമ്മു കശ്മീരിൽ ജനങ്ങൾക്കും സൈനികർക്കുമെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ തന്ത്രങ്ങളിൽ കാര്യമായ മാറ്റത്തിനൊരുങ്ങി സൈന്യം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആക്രമണങ്ങൾ വലിയ തോതിൽ വർധിച്ചു. കാലങ്ങളായി അക്രമം ഇല്ലാതിരുന്ന മേഖലകളിലും സമാധാന അന്തരീക്ഷം തകർന്നത് സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്. ബിഎസ്എഫിന്റെ 2000 ഭടൻമാരെ കശ്മീർ മേഖലയിൽ പുതുതായി വിന്യസിച്ചു. സാമ്പാ മേഖലയിലാണ് ഇവരുടെ സേവനം ഉപയോഗിക്കുന്നത്.

കശ്മീരിൽ ഇന്ത്യ-പാക്ക് അതിർത്തി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിച്ചതും തുടർച്ചയായ ഭീകരാക്രമണങ്ങളും ഉണ്ടാകുന്നതിനു പിന്നാലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ നിതിൻ അഗർവാളിനെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നു കേന്ദ്രം നീക്കി. ആഭ്യന്തര മന്ത്രി അമിത്‌ ഷാ അധ്യക്ഷത വഹിച്ച യോഗത്തിനുശേഷമാണ് മാറ്റം. ഇദ്ദേഹത്തെ കേരള കേഡറിലേക്കു തിരിച്ചയച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് അദ്ദേഹം സ്ഥാനമേറ്റത്.

സ്പെഷൽ ഡിജി വൈ.ബി.ഖുറാനിയയെയും നീക്കി. അദ്ദേഹം ഒഡീഷ കേഡറിലേക്കു മടങ്ങും. സേനയുടെ തലപ്പത്തുള്ള രണ്ടു പേരെ ഒരുമിച്ചു നീക്കുന്നത് അപൂർവമാണ്. നുഴഞ്ഞു കയറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് ഇരുവരെയും നീക്കിയതെന്നാണ് സൂചന. സേനയെ നിയന്ത്രിക്കുന്നതിലും മറ്റു സുരക്ഷാ ഏജൻസികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിലും വീഴ്ച വരുത്തിയതിനാണ് ഇരുവരെയും മാറ്റിയതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *