കരുനാഗപ്പള്ളി സ്വദേശികളുള്‍പ്പെട്ട സംഘം 18 കിലോ കഞ്ചാവുമായി അറസ്റ്റില്‍
ആലപ്പുഴ: കൊമ്മാടി ജങ്ഷന് സമീപത്തുനിന്ന് 18.100 കിലോ കഞ്ചാവുമായി കാറിലെത്തിയ മൂന്നംഗ സംഘത്തെ എക്സൈസ് പിടികൂടി. കരുനാഗപ്പള്ളി അയനീവേലി കുളങ്ങര മരത്തൂര്‍ കുളങ്ങര തെക്ക് കടത്തൂര്‍ വീട്ടില്‍ ഷിബില മന്‍സില്‍ അലിഫ് ഷാ നജീം, കരുനാഗപ്പള്ളി മരുത്തൂര്‍ കുളങ്ങര തെക്ക് ആലുംകടവ് ബാദുഷാ മന്‍സിലില്‍ മുഹമ്മദ് ബാദുഷ, കരുനാഗപ്പള്ളി അയനീ വേലിക്കുളങ്ങര അജിത് നിവാസില്‍ അജിത് പ്രകാശ് എന്നിവരേയാണ് ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.മഹേഷും സംഘവും പിടികൂടിയത്.
പ്രതികള്‍ എറണാകുളത്തു നിന്നും കാര്‍ വാടകയ്ക്ക് എടുത്ത് ആന്ധ്രപ്രദേശില്‍ നിന്നും കഞ്ചാവ് നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു. ആലപ്പുഴയിലെ അതിര്‍ത്തി പ്രദേശങ്ങളിലും എറണാകുളത്തുമായിരുന്നു പ്രധാന വില്പന കേന്ദ്രം. ധാരാളം യുവാക്കള്‍ ഇവരുടെ സംഘത്തില്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റ് പ്രധാന വ്യക്തികളെ കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ലഹരി കടത്തിന് സാമ്പത്തിക സഹായം ചെയ്യുന്ന ചൂനാട് സ്വദേശിയെക്കുറിച്ചും വിവരം ലഭിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു