ഗാസയിലെ ആക്രമണത്തിൽ ഇസ്രയേൽ സൈന്യത്തിന് സംഭവിച്ചത് ഗുരുതര പിഴവുകളെന്ന് ഓസ്ട്രേലിയ
സിഡ്നി : ലാഭം പ്രതീക്ഷിക്കാതെ ദുരിതബാധിത മേഖലകളിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചനിലെ പ്രവർത്തകർ അടക്കം കൊല്ലപ്പെട്ട ഗാസയിലെ ആക്രമണത്തിൽ ഇസ്രയേൽ സൈന്യത്തിന് സംഭവിച്ചത് ഗുരുതര പിഴവുകളെന്ന് ഓസ്ട്രേലിയ. വെള്ളിയാഴ്ച പുറത്ത് വന്ന ഓസ്ട്രേലിയൻ സർക്കാരിന്റെ അവലോകന റിപ്പോർട്ടിലാണ് ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ സൈന്യത്തിന് സംഭവിച്ച പിഴവുകൾ എണ്ണിയെണ്ണി വിശദമാക്കുന്നതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 1ന് ഗാസയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഓസ്ട്രേലിയ, കാനഡ, പോളണ്ട്, ബ്രിട്ടൻ, അമേരിക്ക, പാലസ്തീൻ സ്വദേശികളായ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേലി സൈന്യത്തിനെതിരെ വിമർശനം ഉയർത്തിയുള്ളതാണ് ഓസ്ട്രേലിയയുടെ റിപ്പോർട്ട്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) നടപടിക്രമങ്ങൾ പിന്തുടരുന്നതിൽ പരാജയപ്പെട്ടുവെന്നും തിരിച്ചറിയാൻ തെറ്റായ തീരുമാനങ്ങളെടുത്തുവെന്നുമാണ് ഓസ്ട്രേലിയ വിശദമാക്കുന്നത്. സംഭവത്തിൽ ഉത്തരവാദിത്തമുള്ളവർ അത് ഏറ്റെടുക്കാനും ക്രിമിനൽ കുറ്റങ്ങൾ അടക്കമുള്ളവ ചുമത്താനുമുള്ള പൂർണമായ ശ്രമം ഓസ്ട്രേലിയ നടത്തുമെന്നാണ് വിദേശകാര്യ മന്ത്രി പെന്നി വോംഗ് വ്യക്തമാക്കിയത്.
ഡ്രോൺ ആക്രമണത്തിൽ വേൾഡ് സെൻട്രൽ കിച്ചനിലെ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ ഐഡിഎഫിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഐഡിഎഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡ്രോൺ ആക്രമണം നടത്തിയ മുതിർന്ന ഉദ്യോഗസ്ഥരെ ഐഡിഎഫ് പുറത്താക്കിയിരുന്നു. ആക്രമണം ഗുരുതരമായ പിഴവാണെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. ഇസ്രയേൽ സൈന്യത്തിന്റെ അനുമതിയോടെയായിരുന്നു വേൾഡ് സെൻട്രൽ കിച്ചന്റെ മേഖലയിലെ പ്രവർത്തനം. ഗാസയിലെ ദേർ അൽ ബലായിൽ വച്ചാണ് വേൾഡ് സെൻട്രൽ കിച്ചന്റെ കോൺവോയ്ക്കെതിരെ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണമുണ്ടായത്. ഹമാസിന്റെ ആയുധധാരികളെ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു സെൻട്രൽ കിച്ചന്റെ കോൺവോയ് ഇസ്രയേൽ ആക്രമിച്ചത്.
ഡ്രോൺ ആക്രമണത്തിന് പിന്നാലെ മുൻ സൈനിക മേധാവിയെ സംഭവം അവലോകനം ചെയ്യാനായി ഓസ്ട്രേലിയ നിയമിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ടാണ് വെള്ളിയാഴ്ച പുറത്ത് വന്നത്.