കിടപ്പു മുറിയില്‍ ഒളിക്യാമറ വച്ചത്തിനു മാതാപിതാക്കള്‍ക്കെതിരെ 20 -കാരി പോലീസില്‍ പരാതി നല്‍കി
തന്‍റെ കുടപ്പു മുറിയില്‍ മാതാപിതാക്കള്‍ ഒളിക്യാമറ വച്ചെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത് 20 -കാരി. ജൂലൈ 26 ന് പ്രായപൂർത്തിയായ ലി എന്ന യുവതി പരാതിയുമായി ബീജിംഗ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മാതാപിതാക്കളുടെ ചാരവൃത്തി പുറത്തറിഞ്ഞതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാതാപിതാക്കൾ തന്‍റെ കിടപ്പുമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചുവെന്നും ഓരോ തവണ താന്‍ തെറ്റുകൾ വരുത്തുമ്പോഴും ഫോൺ തറയിൽ എറിയുമായിരുന്നെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മാതാപിതാക്കളില്‍ നിന്നും താന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെന്നും വീട്ടില്‍ നിന്നും ഓടിപ്പോരുകയായിരുന്നെന്നും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മാതാപിതാക്കളുടെ ആക്രമാസക്തമായ സമീപനം തന്നില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതുകൊണ്ടാണ് പണം ലാഭിക്കാനും സ്വതന്ത്രനാകാനും ബീജിംഗിൽ പാർട്ട് ടൈം ജോലികൾ കണ്ടെത്താനുമായി താന്‍ പദ്ധതിയിട്ടതെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍, തന്നെ കാണാനില്ലെന്ന് പരാതിപ്പെട്ട് തന്‍റെ മാതാപിതാക്കള്‍ ‘ഒരു സീനുണ്ടാക്കാന്‍’ ശ്രമിക്കുമെന്ന് കരുതിയതിനാലാണ് പോലീസില്‍ പരാതി നല്‍കാനെത്തിയതെന്നും യുവതി പറഞ്ഞു.