കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ട്; ജൂലൈയിൽ ലഭിച്ചത് 16% അധികമഴ
കോട്ടയം : കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. വടക്കൻ കേരളത്തിൽ മഴ തുടരും. ജൂലൈ 1 മുതൽ 31 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിച്ചത് 16% അധിക മഴയാണ്. ജൂലൈയിൽ ശരാശരി 653.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 760.5 മില്ലിമീറ്റർ ലഭിച്ചു. ജൂൺ 1 മുതൽ ജൂലൈ 31 വരെയുള്ള മൺസൂൺ സീസണിലെ ആകെ മഴ ലഭ്യതയിൽ 4 ശതമാനം കുറവുണ്ട്. ഓഗസ്റ്റ്–സെപ്റ്റംബർ സീസണ്‍ പ്രകാരം ഈ മാസം വയനാട് ഒഴികെയുള്ള മധ്യ, വടക്കൻ കേരളത്തിൽ സാധാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മറ്റു ജില്ലകളിൽ സാധാരണയിലും മഴ കുറയുമെന്നാണു പ്രവചനം. വയനാട് ജില്ലയിൽ ജൂലൈയിൽ 4 ശതമാനം അധിക മഴ പെയ്തു. കണ്ണൂരിൽ 56%, പാലക്കാട് 49%, മലപ്പുറം 36%, കോഴിക്കോട് 26%, തിരുവനന്തപുരം 24 ശതമാനം വീതമാണ് അധികമഴ ലഭിച്ചത്. എറണാകുളം (9%), ആലപ്പുഴ (7%) ഇടുക്കി (15%) ജില്ലകളിൽ ശരാശരിയിലും കുറവ് മഴയാണ് ലഭിച്ചത്. സീസണിലെ മഴ ലഭ്യതയിൽ കണ്ണൂരാണ് മുന്നിൽ – 22% അധികം ലഭിച്ചു.