സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0

കൊച്ചി: 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണു ജസ്റ്റിസ് എ. സിയാദ് റഹ്മാന്‍റെ ഉത്തരവ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയതു നടപ്പാക്കി കഴിഞ്ഞെങ്കിലും ഇനി മുതൽ അത് പാടില്ലെന്നും കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ആലോചിച്ച് പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തിൽ സർ‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകൾക്കു പുറമേ സിപിഐയുടെ അധ്യാപക സംഘടനയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മിന്‍റെ സംഘടനയും തങ്ങള്‍ക്കുള്ള എതിർപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വർഷം 220 പ്ര‌വൃത്തി ദിവസങ്ങൾ വേണമെന്നാണ്. എന്നാൽ കഴിഞ്ഞതിനു മുമ്പത്തെ വർഷം ഇത് 195 ആയിരുന്നു. കഴിഞ്ഞ വർഷം മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം ഇത് 204 ആക്കി ഉയർത്തി. ഇത്തവണ 210 ദിവസമാക്കാൻ നിർദേശിച്ചെങ്കിലും 204 മതി എന്നായിരുന്നു ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം മേൽനോട്ട സമിതിയുടെ ശുപാർശ. അധ്യാപക സംഘടനകളും 210 ആക്കുന്നതിനോട് എതിർപ്പറിയിച്ചിരുന്നു.

എന്നാൽ ചട്ടപ്രകാരമുള്ള അധ്യയന ദിനങ്ങൾ‍ കുറയ്ക്കുന്നതിനെതിരേ ചില സ്കൂളുകൾ ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ കോടതി നിർദേശം അനുസരിച്ച് ഹിയറിങ് നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് പ്രവൃത്തി ദിവസങ്ങൾ 220 ആക്കിക്കൊണ്ട് ജൂൺ ആദ്യം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതിനെതിരെ കോൺഗ്രസിന്‍റെ അധ്യാപക സംഘടനയായ കെപിഎസ്ടിഎ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതിയിൽ നിന്ന് തീരുമാനം ഉണ്ടായിരിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *