രക്തവും പല്ലും ഉപയോഗിച്ച് പരിശീലനം, പത്തിലേറെ മൃതദേഹം കണ്ടെത്തി; തിരച്ചിലിന് മായയും മർഫിയും
മുണ്ടക്കൈ : ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈ പ്രദേശത്ത് രക്ഷാദൗത്യത്തിന്റെ ഭാഗമായി 2 നായകളുണ്ട്; മായയും മർഫിയും. ബെൽജിയം മെലനോയ്സ് ഇനത്തിൽപ്പെട്ട ഇവ കേരള പൊലീസിന്റെ ഭാഗമാണ്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധരാണ് ഇവർ. 5 വയസ്സാണ് പ്രായം. മണ്ണിനടിയിൽ മൃതദേഹങ്ങളുള്ള നിരവധി സ്ഥലങ്ങളാണ് ഇരുവരും രക്ഷാപ്രവർത്തകർക്ക് കാട്ടിക്കൊടുത്തത്.
മൃതദേഹങ്ങൾ ഭൂമിക്കടിയിൽനിന്ന് കണ്ടെടുക്കുന്നതിൽ മാത്രമാണ് ഇവർക്ക് പരിശീലനം നൽകിയിരിക്കുന്നത്. ദുരന്തമുണ്ടായ ഉടനെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മായയെയും മർഫിയെയും മുണ്ടക്കൈയിലേക്ക് നിയോഗിക്കുകയായിരുന്നു. 2020 മാർച്ചിലാണ് ഇരുവരും സേനയുടെ ഭാഗമായത്. പഞ്ചാബ് ഹോം ഗാർഡിൽനിന്നാണ് എത്തിച്ചത്. ലഹരിമരുന്ന്, സ്ഫോടകവസ്തുക്കൾ തുടങ്ങിയവ കണ്ടെത്താൻ പരിശീലനം നൽകിയിട്ടില്ല.
മനുഷ്യരക്തവും പല്ലും ഉപയോഗിച്ചാണ് പരിശീലനം. സർക്കാർ ലാബിൽനിന്ന് രക്തം ലഭിക്കും. സർക്കാർ ആശുപത്രികളിൽനിന്ന് പല്ലും. രക്തം പഞ്ഞിയിൽ പുരട്ടി കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിടും. കുപ്പിയിൽ ദ്വാരമിട്ടശേഷമാണ് കുഴിച്ചിടുന്നത്. മൃതശരീരത്തിനു പകരം സ്യൂഡോസെന്റ് എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്. മൃതദേഹത്തിന്റെ ഗന്ധമാണ് ഇതിന്. നാല് തുള്ളിക്ക് 10,000 രൂപ വിലയുണ്ടെന്ന് പരിശീലകർ പറയുന്നു. ഫ്രീസറിൽവച്ച് 3 മാസം വരെ ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു കട്ടിയുള്ള പഞ്ഞിയിൽ പുരട്ടിയാണ് കുഴിച്ചിടുന്നത്. രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 4 മുതൽ 5.30വരെയുമാണ് പരിശീലനം.
2020 ഓഗസ്റ്റിൽ ഇടുക്കിയിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ ഇരുവരും പരിശീലനത്തിലായിരുന്നു. എങ്കിലും സ്ഥലത്തെത്തിച്ച് രക്ഷാദൗത്യത്തിന്റെ ഭാഗമാക്കി. 2021ൽ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിലും തിരച്ചിലിനായി ഇരുവരുമെത്തി. ഇലന്തൂർ നരബലിക്കേസിലും പൊലീസിനെ സഹായിച്ചു. പാലക്കാട് വടക്കാഞ്ചേരിയിൽ രണ്ട് മൃതദേഹങ്ങൾ വനത്തിൽനിന്ന് കണ്ടെത്തിയത് ഇരുവരും ചേർന്നാണ്. പെട്ടിമുടിയിൽ 8 മൃതദേഹങ്ങളും കൊക്കയാറിൽ 5 മൃതദേഹങ്ങളും കണ്ടെത്താൻ സഹായിച്ചു. മുണ്ടക്കൈയിൽ മൃതദേഹങ്ങളുള്ള പല സ്ഥലങ്ങളും രക്ഷാപ്രവർത്തകർക്ക് ഇരുവരും കണ്ടെത്തി കൊടുത്തു. പരിശീലകൻ പ്രതാപന്റെ നേതൃത്വത്തിലാണ് നായകൾ മുണ്ടക്കൈയിലെത്തിയത്.