ബെയ്‍ലി പാലത്തിന്‍റെ കഥ

0

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനത്തെ സജീവമാക്കുന്നതിൽ നിർണായക പങ്കാണ് ഇപ്പോൾ സൈന്യം നിർമ്മിച്ചു കൊണ്ടിരിക്കുന്ന ബെയ്‍ലി പാലത്തിനുള്ളത്. പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ (ഡിഎസ്സി) ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് നിര്‍മ്മാണ ബെയ്‍ലി പാലത്തിന്‍റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്‍റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിച്ചത്. ബ്രിട്ടീഷുകാരന്‍റെ കണ്ടുപിടുത്തമായ ഈ പാലം ലോകമെങ്ങുമുള്ള ദുരിതബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇന്ന് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

1942 -ൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്‍ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അദ്ദേഹത്തിന്‍റെ പേരിലാണ് ഇന്നും ഈ പാലങ്ങള്‍ അറിയപ്പെടുന്നത്. പാലങ്ങൾ നിർമ്മിക്കുന്നത് അദ്ദേഹത്തിന് ഒരു വിനോദം പോലെയായിരുന്നു. പലതരത്തിലുള്ള പാലത്തിന്‍റെ മാതൃകകൾ അദ്ദേഹം നിർമ്മിച്ച് സൂക്ഷിച്ചിരുന്നു. അത്തരത്തിൽ നിർമ്മിച്ച ഒരു പാലത്തിന്‍റെ മാതൃക അദ്ദേഹം തന്‍റെ മേലുദ്യോഗസ്ഥനെ കാണിച്ചു. പാലത്തിന്‍റെ ഉപയോഗക്ഷമത മനസ്സിലാക്കിയ ആ മേലുദ്യോഗസ്ഥൻ പാലം നിർമ്മിക്കാൻ അനുമതി നൽകി. തുടർന്ന് പലതരത്തിൽ ഈ പാലം നിർമ്മിച്ചു പരീക്ഷിച്ചു.

താങ്ങുപാലം, ആർച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും അന്ന് പാലം ഉണ്ടാക്കി നോക്കി, ഉപയോഗക്ഷമത പരിശോധിച്ചിരുന്നു. ആവോൺ നദിക്കും സ്റ്റൗർ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാൻപിറ്റ് ചതുപ്പുകൾ) കുറുകെ മുറിക്കുന്ന മതർ സില്ലേഴ്സ് ചാനലിന് മുകളിലൂടെയാണ് ആദ്യമായി ഈ പാലം നിർമ്മിച്ചത്. ഇന്നും അവിടെ ഒരു പ്രവർത്തനക്ഷമമായ പാലമായി ഇത് പ്രവർത്തിക്കുന്നു. അങ്ങനെ അനേകം പരീക്ഷണ നിർമ്മാണങ്ങള്‍ക്കും ഉപയോഗത്തിനും ശേഷം ഇത്, കോർപ്സ് ഓഫ് റോയൽ മിലിട്ടറി എഞ്ചിനീയേഴ്സിനായി നൽകി. ശേഷം 1942 -ൽ ഉത്തര ആഫ്രിക്കയിൽ ബ്രിട്ടീഷ് സൈന്യത്തിനായി ഈ പാലം ആദ്യമായി നിർമ്മിച്ചു. 1944 ആയപ്പോഴേക്കും ഇത്തരം പാലങ്ങള്‍ കൂടുതലായി നിർമ്മിച്ച് തുടങ്ങി. ഇതിനിടെ പാലത്തിന്‍റെ നിർമ്മാണത്തിനായി യുഎസ് സര്‍ക്കാരും അനുമതി നൽകി. അവർ അവരുടേതായ രൂപകല്പനയാണ് പാലം നിർമ്മാണത്തിനായി പിന്തുടർന്നത്.

എന്താണ് ബെയ്‍ലി പാലം?

മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും അതുപോലെതന്നെ എടുത്തു മാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. ഉരുക്കും തടിയുമാണ് പാലത്തിന്‍റെ പ്രധാന ഘടകങ്ങൾ. മുമ്പുതന്നെ നിർമ്മിച്ചു വച്ച ഭാഗങ്ങൾ എവിടെയാണോ പാലം ആവശ്യമായുള്ളത് അവിടേയ്ക്ക് എത്തിച്ച് കൂട്ടിച്ചേർത്താണ് ഇത് നിർമ്മിക്കുന്നത്. വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിർമ്മിക്കുന്നത്. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത്

ബെയ്‌ലി പാലത്തിന്‍റെ ഗുണങ്ങൾ

1. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട.
2. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമുണ്ടാകുന്നില്ല.
3. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈ കൊണ്ടുതന്നെ ഇവ പരസ്പരം ഘടിപ്പിക്കാനാകും. ക്രെയിനിന്‍റെ ആവശ്യം വരുന്നില്ല.
4. ഇവ നല്ല ഉറപ്പുള്ളതാണ്. ടണ്‍ കണക്കിന് ഭരമുള്ള വലിയ യുദ്ധ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാനാകും.

ഇന്ത്യയിലെ ബെയ്‍ലി പാലങ്ങൾ

1996 നവംബർ എട്ടിന് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്ക് കുറുകെയാണ് ആദ്യമായി ബെയ്ലി പാലം നിർമ്മിച്ചത്. പമ്പാ നദിക്ക് കുറുകെയുള്ള, 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് അതിന് പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. രണ്ട് മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്. ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിലായിരുന്നു ആ പാലം നിര്‍മ്മാണം. അതിന് 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 5,602 മീറ്റർ ഉയരത്തിലാണ് ആ പാലം സ്ഥിതി ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *