ഗ്രാമങ്ങള്‍ മുതല്‍ പട്ടണങ്ങള്‍ വരെ 38.93 ലക്ഷം എഫ്‌.ടി.ടി.എച്ച് കണക്ഷനുകള്‍

0

ദില്ലി : രാജ്യത്തെ മൂന്നാമത്തെ വലിയ എഫ്‌.ടി.ടി.എച്ച് (ഫൈബര്‍-ടു-ദി-ഹോം) സേവനദാതാക്കളായ ബിഎസ്എന്‍എല്ലിന് (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) 38.93 ലക്ഷം വരിക്കാറുള്ളതായി റിപ്പോര്‍ട്ട്. 2024 ഏപ്രില്‍ 30 വരെയുള്ള കണക്കുകളാണിത് എന്നാണ് ടെലികോംടോക് ഡോട് ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ടെലികോം കമ്പനി കൂടിയാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ 38.93 ലക്ഷം എഫ്‌.ടി.ടിഎച്ച് കണക്ഷനുകള്‍ 2024 ഏപ്രില്‍ 30 വരെ നല്‍കിയിട്ടുള്ളതായി കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്. ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിക്കുന്ന ഒരുകൂട്ടം ബ്രോഡ്ബാൻഡ് ശൃംഖലകളെയാണ് ഫൈബർ ടു ദി ഹോം എന്നതുകൊണ്ട് ഉദേശിക്കുന്നത്. ഇത്തരം ബ്രോഡ്‌ബാന്‍ഡ് കണക്ഷന്‍ ഒരുക്കുന്ന രാജ്യത്തെ മൂന്നാമത്തെ വലിയ കമ്പനിയാണ് ബിഎസ്എന്‍എല്‍.

ബിഎസ്എന്‍എല്ലും, ഉപകമ്പനിയായ എംടിഎന്‍എല്ലും (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്) ചേര്‍ന്നാണ് ഇത്രയധികം ബ്രോഡ്‌ബാന്‍ഡ് കണക്ഷനുകള്‍ പ്രധാനമായും എത്തിക്കുന്നത്. ഈ രണ്ട് പൊതുമേഖല കമ്പനികള്‍ക്ക് കീഴില്‍ രാജ്യമാകെ 8.96 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്‌സി) ശൃംഖലയുണ്ട്. ഇതിന് പുറമെ ബിഎസ്എന്‍എല്ലിന്‍റെ ഭാഗമായ മറ്റൊരു കമ്പനിയായ ബിബിഎന്‍എല്ലിന് (ഭാരത് ബ്രോഡ്‌ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ്) 6.89 ലക്ഷം കിലോമീറ്റര്‍ നീളത്തില്‍ ഒഎഫ്‌സി ശൃംഖലയുണ്ട്. ഗ്രാമങ്ങളെ ഹൈ-സ്‌പീഡ് എഫ്‌.ടി.ടിഎച്ച് സര്‍വീസുമായി ബന്ധിപ്പിക്കുന്ന ഭാരത്‌നെറ്റിന്‍റെ സര്‍വീസ് പ്രൈവഡര്‍മാരാണ് ബിബിഎന്‍എല്‍.

ഈ സേവനത്തിനായി ഫൈബറുകള്‍ വിന്യസിക്കാന്‍ ബിബിഎന്‍എല്ലിന് ബിഎസ്എന്‍എല്‍ സഹായം നല്‍കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ഗ്രാമ ടെലികോം പദ്ധതികളിലൊന്നാണ് ഭാരത്‌നെറ്റ്. ബിഎസ്എന്‍എല്ലിന്‍റെ എഫ്‌.ടി.ടി.എച്ച് സേവനം രാജ്യത്തിന്‍റെ ഒട്ടുമിക്ക ഇടങ്ങളിലും ലഭ്യമാണ്. ആകര്‍ഷകമായ നിരക്കുകളിലാണ് ബിഎസ്എന്‍എല്‍ എഫ്‌.ടി.ടിഎച്ച് സേവനം ലഭ്യമാക്കുന്നത്. 300 എംബി/സെക്കന്‍ഡ് വരെ വേഗം എഫ്‌.ടി.ടിഎച്ച് നല്‍കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *