ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ:ചർച്ചയായി മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍
കൊച്ചി: തോരാതെ മഴ പെയ്യുമ്പോള്‍ ഇനിയൊരു പ്രളയം ഉണ്ടാവല്ലേയെന്ന് പ്രാര്‍ത്ഥിച്ചുറങ്ങുന്ന കേരളം ഇന്ന് ഉണർന്നത് ചൂരല്‍ മലയിലെയും മുണ്ടക്കൈയിലെയും ദുരന്ത വാര്‍ത്തയറിഞ്ഞാണ്. ഒടുവില്‍ ലഭിക്കുന്നത് പ്രകാരം 135 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട വന്‍ ദുരന്തം. പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാദൗത്യം തുടരുകയാണ്. ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് 2013 ല്‍ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയ വസ്തുതകള്‍.
‘പശ്ചിമ ഘട്ടം ആകെ തര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട, നാലോ അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.’ എന്നായിരുന്നു ഗാഡ്ഗിലിന്റെ വാക്കുകള്‍.
2020 ഓഗസ്റ്റ് 6 ന് രാത്രി, രാജമല പെട്ടിമുടിയില്‍ 66 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ശേഷം ഗാഡ്ഗില്‍ പറഞ്ഞത് ഇപ്രകാരം,
‘എന്നെ തള്ളി പറഞ്ഞവര്‍ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവില്‍ ഇറക്കപ്പെട്ട പാവങ്ങള്‍ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ…’
ഗാഡ്ഗിലിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഗാഡ്ഗിലിനെ കേട്ടിരുന്നെങ്കില്‍ ഒരുപക്ഷെ ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്ന് അഭിപ്രായം ഉയരുന്നു.