മുണ്ടക്കൈയിൽ ഉണ്ടായത് വൻ ഉരുൾപൊട്ടലെ‌ന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്

0

കൽപ്പറ്റ : മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെ‌ന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. ആറുപേർ അവിടെ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ടി.സിദ്ദിഖ് മനോരമ ഓൺലൈനോട് പറഞ്ഞു. സൈന്യം എത്താത്തതിനാൽ വടംകെട്ടി എൻഡിആർഎഫ് സംഘങ്ങൾ അക്കരെ കടക്കാനുള്ള ദുർഘടമായ ശ്രമമാണ് നടത്തുന്നത്. ജീവിച്ചിരിക്കുന്നവരെയും പരുക്കേറ്റവരെയും എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. 5 മണിയോടെ ഇവിടെ ഇരുട്ടാകും. അതിനുമുൻപ് സാധ്യമായതെല്ലാം ചെയ്യണം. വായുസേനയുടെ ഹെലികോപ്ടറിനും ദുരന്ത മേഖലയിലേക്ക് എത്താൻ സാധിച്ചില്ല. മോശം കാലാവസ്ഥ കാരണമാണ് ഹെലികോപ്ടറിന് പോലും എത്താൻ സാധിക്കാത്തത്. വൈകിട്ട് 5 മണിയോടെ പ്രദേശത്ത് ഇരുട്ട് പരക്കും. ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകും.

മുണ്ടക്കൈയിൽ രണ്ടു വാർഡുകളിലായി മൂവായിരത്തിനടുത്ത് ജനസംഖ്യയാണുള്ളത്. എല്ലാവരും മുണ്ടക്കൈയിൽ ഇല്ലെങ്കിലും ഇന്നലെ ഈ പ്രദേശത്തുണ്ടായിരുന്നവരുടെ കാര്യത്തിൽ ആശങ്കയുണ്ട്. മുണ്ടക്കൈയിൽ മരണസംഖ്യ വലിയതോതിൽ കൂടാനാണ് സാധ്യത. മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിൽ വരെ എത്തിയെന്ന് വിവരമുണ്ട്. രണ്ട് ഉരുൾപൊട്ടലാണ് ഇവിടെയുണ്ടായതെന്നാണ് വിവരം. പുലർച്ചെ 3 മണിയോടെ ഉണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലാണ് ഭീകര ദുരന്തം വിതച്ചത്. ഇതിൽ എല്ലാം തകർന്നിട്ടുണ്ട്. ഈ സമയം ഇവിടെയുണ്ടായവരുടെ കാര്യത്തിൽ വലിയ ആശങ്കയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *