കൊല്ലത്ത് കുതിരയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കൊല്ലത്ത് കുതിരയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെന്നാണ് പ്രാഥമിക വിവരം. മർദനമേറ്റ ഗർഭിണിയായ കുതിരയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം ആറു പേർ ചേർന്നാണ് കുതിരയെ ക്രൂരമായി ആക്രമിച്ചത്. പിടിയിലായ കൊട്ടിയം പറക്കുളം വലിയവിള വീട്ടിൽ അൽഅമീനെ കോടതി റിമാൻഡ് ചെയ്തു. പരുക്കേറ്റ കുതിരയ്ക്ക് ജില്ലാ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നല്‍കുന്നത് തുടരുകയാണ്.
പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് മെഷീന്‍ ഉപയോഗിച്ച് കുതിരയെ പരിശോധിച്ചു. ആറുമാസം ഗര്‍ഭാവസ്ഥയിലുള്ള കുതിരക്കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്നു സ്ഥിരീകരിച്ചു. കുതിരയുടെ വലത്തേ ചെവിക്കു താഴെ മര്‍ദനമേറ്റ ഭാഗത്ത് രക്തം കട്ടപിടിച്ചു.
അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന ഗർഭിണിയായ കുതിരയെയാണ് ഒരു സംഘം യുവാക്കൾ ക്രൂരമായി മർദ്ദിച്ചത്. കുതിരയെ അഴിച്ചുകൊണ്ടുപോയി സമീപത്തെ തെങ്ങിൽ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലി. വയറ്റിൽ ചവിട്ടുകയും നിലത്തിട്ട് ആക്രമിക്കുകയും ചെയ്തു. കുതിരയുടെ തലയ്ക്കും കാലുകൾക്കും ഉൾപ്പടെ പരിക്കേറ്റിരുന്നു