പാക്കിസ്ഥാനിൽ ജനിച്ച രണ്ടു യുവതികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി

0

കൊച്ചി : പാക്കിസ്ഥാനിൽ ജനിച്ച രണ്ടു യുവതികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇവർ പാക് പൗരത്വം ഉപേക്ഷിച്ചവരാണെന്നതും ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിൽ എതിർപ്പില്ലെന്ന പാക് ഹൈക്കമ്മിഷന്റെ അഭിപ്രായവും പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയത്. ഇതു സംബന്ധിച്ച ഉത്തരവ് മൂന്നു മാസത്തിനുള്ളിൽ ഇറങ്ങിയിരിക്കണമെന്നും കോടതി വ്യക്തമാക്കി. തലശേരി സ്വദേശിയായ റഷീധാ ബാനുവും രണ്ടു പെൺമക്കളും നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിർദേശം. ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്ന ബാനുവിന്റെ ഭർത്താവ് മുഹമ്മദ് മറൂഫ് തന്റെ മുത്തശ്ശിക്കൊപ്പം 1977ൽ കേരളത്തിൽനിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. 2008ൽ കുടുംബം ഇന്ത്യയിലേക്ക് തിരികെപ്പോരുകയും ചെയ്തു.

പൗരത്വം ഉപേക്ഷിക്കുന്നത് അനുവദിച്ചുകൊണ്ടുള്ള പാക്കിസ്ഥാൻ സർക്കാരിന്റെ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് പൗരത്വം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും െചയ്തു. എന്നാൽ പെൺമക്കൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പൗരത്വം ഉപേക്ഷിച്ചുകൊണ്ടുള്ള രേഖ കിട്ടിയിരുന്നില്ല. 21 വയസ് പൂർത്തിയായാൽ മാത്രമേ പാക്കിസ്ഥാൻ ഈ രേഖ അനുവദിക്കൂ. ഈ സാഹചര്യത്തിൽ മക്കൾക്ക് കേന്ദ്ര സർക്കാർ പൗരത്വം നൽകിയിരുന്നില്ല. തുടർന്നാണ് കുടുംബം കോടതിയെ സമീപിച്ചത്.

പൗരത്വം ഉപേക്ഷിച്ചതായി പറയുന്ന രേഖ പ്രധാന തെളിവായി കണക്കാക്കേണ്ടതില്ലെന്നും പാക് പാസ്പോർട്ട് ഉപേക്ഷിച്ചതിനാൽ പാക് പൗരന്മാരായി ഹർജിക്കാർക്ക് ഇനി തിരിച്ചുപോകാന്‍ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഇനി തിരിച്ചു പോകാനില്ല എന്നും ഹർജിക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പാക് ഹൈക്കമ്മിഷന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഹർജിക്കാർ ഹാജരാക്കിയിട്ടുണ്ട്. ഹർജിക്കാർ തങ്ങളുടെ പാക് പൗരത്വം ഉപേക്ഷിച്ചുവെന്ന് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാന‍ത്തിൽ വ്യക്തമാണെന്നും അഭിപ്രായപ്പെട്ടാണ് യുവതികള്‍ക്ക് പൗരത്വം നൽകാൻ കോടതി നിർദേശിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *