‘ദേവദൂതനി’ലെ ജൂനിയർ അലീന ഇവിടുണ്ട്
‘ദേവദൂതൻ’ സിനിമ വീണ്ടുമെത്തിയതോടെ സമൂഹ മാധ്യമങ്ങളിലെങ്ങും ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ നിറയുകയാണ്. ദേവദൂതനിലെ ഏറെ പ്രശസ്തമായ ‘കരളേ നിൻ കൈ പിടിച്ചാൽ’ എന്ന ഗാനത്തിൽ അലീനയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ചെന്നൈ സ്വദേശിനിയായ നിർമല ശ്യാം ആയിരുന്നു ജൂനിയർ അലീനയെ അവതരിപ്പിച്ചത്. ഒരഭിമുഖത്തില്‍ നടൻ വിനീത് കുമാർ ആണ് നിർമലയുടെ കാര്യം സൂചിപ്പിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള നടിയാണ് ആ പാട്ടിൽ അലീനയായി എത്തിയതെന്നും പിന്നീട് അവരെ ഇതുവരെ കണ്ടിട്ടില്ലെന്നും വിനീത് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അഭിനയമൊക്കെ വിട്ട് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് നിർമല ഇപ്പോൾ. എന്നാൽ ദേവദൂതൻ കണ്ടിറങ്ങിയ പ്രേക്ഷകരുടെ കമന്റുകളാണ് നിർമലയുടെ പോസ്റ്റിനു താഴെ നിറയുന്നത്. അഭിമുഖത്തിലെ വിനീതിന്റെ വാക്കുകൾ സ്റ്റോറിയായി പങ്കുവച്ച് നന്ദിയും അറിയിച്ചിട്ടുണ്ട് നിര്‍മല. 24 വർഷങ്ങൾക്കു ശേഷം വീണ്ടും തിയറ്ററിലെത്തി വിസ്മയകാഴ്ചയൊരുക്കുകയാണ് സിബി മലയിൽ ചിത്രം ദേവദൂതൻ. ആദ്യമെത്തിയപ്പോൾ തിയേറ്ററിൽ പരാജയമായ ഒരു ചിത്രത്തിന് വർഷങ്ങൾക്കിപ്പുറം റീ-റിലീസ് വേളയിൽ വമ്പൻ സ്വീകരണം ലഭിക്കുന്നത് അപൂർവം. നൂറോളം തിയേറ്ററുകളിലാണ് ദേവദൂതൻ റി- റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിന് പുറമേ ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ, ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു, മംഗളൂരു, യുഎഇ, ജിസിസിഎന്നിവിടങ്ങളിലും സിനിമ റീറിലീസ് ചെയ്തിരുന്നു. റീ മാസ്റ്ററിങ് ചെയ്താണ് ചിത്രം എത്തിയിരിക്കുന്നത്.