വയനാട്ടിൽ പകുതിയോളം ടൂറിസം കേന്ദ്രങ്ങൾ പൂട്ടി
കൽപറ്റ : കൃഷി ചെയ്ത് നഷ്ടത്തിലായി കടം കയറിയവരും വന്യമൃഗശല്യം കൊണ്ടു കൃഷിഭൂമി ഉപേക്ഷിക്കേണ്ടി വന്നവരും ഏറെയുണ്ട് വയനാട്ടിൽ. അവരിൽ പലരുടെയും അവസാനത്തെ പിടിവള്ളിയായിരുന്നു ടൂറിസം. അതിലും ‘മണ്ണു വീണതോടെ’ ആയിരങ്ങളാണ് വയനാട്ടിൽ പട്ടിണിയിലായത്. ഫെബ്രുവരി 19 നാണ് വയനാട്ടിൽ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒറ്റയടിക്കു പൂട്ടിയത്. അഞ്ചു മാസമായിട്ടും തുറക്കാൻ നടപടിയൊന്നുമില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിൽ സർക്കാരും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നില്ല.
പൂട്ടിയത് വയനാട്ടിലെ പകുതിയോളം കേന്ദ്രങ്ങൾ
കുറുവ ദ്വീപ്, തോൽപെട്ടി വന്യജീവി സങ്കേതം, ബ്രഹ്മഗിരി ട്രെക്കിങ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മുനീശ്വരൻകുന്ന്, മുത്തങ്ങ വന്യജീവി സങ്കേതം എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചത്. വയനാട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളാണ് ഇവയെല്ലാം. ഇതോടെ വയനാട്ടിലെ പകുതിയിലധികം ടൂറിസം കേന്ദ്രങ്ങളും അടഞ്ഞു. ഡിടിപിസിയുടെയും മറ്റും കീഴിലായി ചുരുക്കം ടൂറിസം കേന്ദ്രങ്ങളേ ഉള്ളൂ.
കോവിഡിനു ശേഷം വയനാട്ടിൽ ടൂറിസം മേഖലയിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടായിരുന്നു. ടൂറിസം കേന്ദ്രങ്ങളോടു ചേർന്ന് പെട്ടിക്കട മുതൽ പാർക്കിങ് കേന്ദ്രങ്ങൾ വരെ തുടങ്ങിയാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോയത്. വനംവകുപ്പിന്റെ കീഴിലെ വനസംരക്ഷണ സമിതി ജീവനക്കാർ മാത്രം അഞ്ഞൂറിലധികമുണ്ട്. റിസോർട്ട്– ഹോം സ്റ്റേ നടത്തിപ്പുകാരും ജീവനക്കാരും, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ തുടങ്ങി അയ്യായിരത്തിലധികം േപരാണ് ഈ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ചു ജീവിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ കേന്ദ്രങ്ങൾ തുറക്കുമെന്ന പ്രതീക്ഷയിൽ ഓരോ ദിവസവും തള്ളിനീക്കുകയാണ് ഇവർ.
തുറക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പും
മാനന്തവാടി പാക്കത്ത് വനസംരക്ഷണ സമിതി ജീവനക്കാരനായ പോളിനെ കാട്ടാന കൊന്നതോടെയാണ് ഒറ്റയടിക്ക് ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടിയത്. സാധാരണ കടുത്ത വേനലിൽ കാട്ടുതീ ഒഴിവാക്കാൻ ഒന്നോ രണ്ടോ മാസം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാറുണ്ട്. മഴ തുടങ്ങുന്നതോടെ ഇവ തുറക്കുകയും ചെയ്യും. വന്യജീവി ആക്രമണം രൂക്ഷമായതിനു പിന്നാലെ പ്രകൃതി സംരക്ഷണ പ്രവർത്തകർ കോടതിയെ സമീപിക്കുകയും ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് ഹർജി നൽകുകയും ചെയ്തു. പിന്നീട്, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് കോടതി നിർദേശപ്രകാരം മാത്രമാകണമെന്ന് ജസ്റ്റിസ് ഡോ. എ. കെ. ജയശങ്കരൻ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കി.
ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്ന് അറിയിച്ചാണ് വനംവകുപ്പ് കോടതിയിൽ സത്യവാങ്മൂലം നൽകിയതെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്തത് വനംകുപ്പിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. സൗത്ത് വയനാട് ഡിവിഷനിൽ മാത്രം 120 പേർ വനസംരക്ഷണ സമിതിയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ താൽക്കാലികമായി മറ്റ് ജോലികൾക്ക് നിയമിച്ചിരിക്കുകയാണ്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവരെ നിലനിർത്തിയിരിക്കുന്നത്. ഇവർക്ക് ശമ്പളം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ്. ടൂറിസം കേന്ദ്രങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇവരുടേതും താൽക്കാലിക വാച്ചർമാരുടേതും ഉൾപ്പെടെയുള്ള ശമ്പളവും മറ്റു ചെലവുകളും കണ്ടെത്തിയിരുന്നത്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ വൈകുന്നതോടെ ശമ്പള വിതരണവും പ്രതിസന്ധിയിലാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തിയും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചും കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാം എന്നാണ് വനംവകുപ്പ് കോടതിയെ അറിയിച്ചത്. ഈ കേസ് കോടതി ഇതുവരെ പരിഗണിക്കാത്തതിനാൽ, കേന്ദ്രങ്ങൾ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. അതേ സമയം, കേരളത്തിലെ മറ്റു ജില്ലകളിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ടൂറിസം കേന്ദ്രങ്ങൾ പൂട്ടി, പട്ടിണി കൂട്ടി
വനത്തിലേക്കു മനുഷ്യൻ കടന്നു കയറുന്നതു കൊണ്ടാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതെന്നു പ്രകൃതി സംരക്ഷകർ വാദിക്കുന്നു. എന്നാൽ ഇത്തരം കേന്ദ്രങ്ങൾ അടച്ചശേഷവും വന്യമൃഗല്യത്തിന് കുറവില്ലെന്ന് ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെടുന്നവർ പറയുന്നു. ബത്തേരിയിൽ കഴിഞ്ഞയാഴ്ച കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതും പനമരത്ത് കഴിഞ്ഞ മാസം കാട്ടാനക്കൂട്ടവും കടുവയുമിറങ്ങിയതും തെളിവായി അവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതോടെ, അർധപ്പട്ടിണിയിലായ കുറേപ്പേരെ മുഴുപ്പട്ടിണിയിലാക്കാമെന്നല്ലാതെ മറ്റ് പ്രയോജനമില്ലെന്നാണ് പടിഞ്ഞാറത്തറ മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപം ചായക്കട നടത്തുന്ന സന്ദീപ് പറയുന്നത്. കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്കുൾപ്പെടെ സ്ഥാപിക്കാൻ നീക്കം നടത്തുമ്പോൾ വയനാടിനോട് അധികൃതർശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും സന്ദീപ് പറഞ്ഞു.