അർജുനായി 13–ാം നാൾ; പ്രതിസന്ധിയായി കുത്തൊഴുക്കും ചെളിയും
ഷിരൂർ (കർണാടക) : പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ പതിമൂന്നാം ദിനവും തുടരും. ഇന്ന് രാവിലെ ഒൻപതോടെ തിരച്ചിൽ പുനരാരംഭിക്കും. അർജുന്റെ ലോറിയുണ്ടെന്നു കരുതുന്ന ഗംഗാവലി നദിയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നത് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 10 കിലോ മീറ്ററിലേറെ വേഗത്തിലാണ് നദിയിൽ ഒഴുക്ക് തുടരുന്നത്. മുങ്ങൽ വിദഗ്ധർക്കു പോലും വെള്ളത്തിലെ ഒഴുക്കിൽ പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയാണ്.
ഇന്നലെ പുഴയിലിറങ്ങിയ കുന്ദാപുരയിൽ നിന്നെത്തിയ ഈശ്വർ മൽപേയുടെ നേതൃത്വത്തിലുള്ള പ്രാദേശിയ മുങ്ങൽ വിദഗ്ധരുടെ സംഘത്തിനു മുന്നിലും ശക്തമായ ഒഴുക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഒരുവേള മൽപെയെ ബന്ധിച്ചിരുന്ന വടംപൊട്ടി നൂറുമീറ്ററോളം അദ്ദേഹം ഒഴുകിപോകുക പോലുമുണ്ടായി. ശക്തമായ ഒഴുക്കിനെ വെല്ലുവിളിച്ച് മൽപേയും സംഘവും എട്ടു തവണ നദിയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
പഴയ നിഗമനങ്ങളിൽനിന്ന് വ്യത്യസ്തമായി കരയിൽനിന്ന് 132 കിലോമീറ്റർ അകലെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന. ലോറി പതിയെ ഒഴുകി നീങ്ങുന്നതായും കരുതുന്നുണ്ട്. മുന്നൂറു മീറ്ററോളം വീതിയുള്ള പുഴയുടെ മധ്യഭാഗത്താണ് ലോറിയെന്നാണ് ഇപ്പോൾ കരുതുന്നത്. ലോറിയിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാൻ തെൽമൻ സ്കാനിങ് പരിശോധനയിൽ കഴിഞ്ഞിട്ടില്ല. നിലവിൽ പരിശോധന നടക്കുന്ന സ്ഥലത്ത്, ലോറി പാറക്കഷ്ണങ്ങളുടെയും ചെളിയുടെയും ഇടയിലാണെന്നാണ് കരുതുന്നത്. ഇവിടെ ലോറി പകുതി തകർന്ന നിലയിലും ഡ്രൈവിങ് കാബിൻ മുകളിലേക്ക് ഉയർന്ന നിലയിലുമാണെന്നാണ് നിഗമനം. ലോറിക്കരികിൽ എത്താനുള്ള നിലവിലെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ പുഴയിലെ മണ്ണും ചെളിയും ട്രജർ ബാർജുകളുപയോഗിച്ച് നീക്കാനുള്ള ശ്രമമാണ് സാധിക്കുക.