ഹോമിയോ ഡോക്ടര്‍ നിയമനത്തിന് കോഴ
തിരുവനന്തപുരം : ഹോമിയോ ഡോക്ടര്‍ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനല്‍ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് വഞ്ചിയൂര്‍ കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഇല്ലെന്നും സാമ്പത്തികനേട്ടം ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആരോഗ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനും ആരോഗ്യവകുപ്പിനും തട്ടിപ്പുമായി ബന്ധമില്ലെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കെ.പി.മുഹമ്മദ് അബ്ദുല്‍ ബാസിത്, ലെനിന്‍ രാജ്, റൗസ്, അഖില്‍ സജീവ് എന്നിവരാണു പ്രതികള്‍. മകന്റെ ഭാര്യയ്ക്കു മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിനായി മന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് 2023 സെപ്റ്റംബറില്‍ പരാതി നൽകിയത്.
5 ലക്ഷം രൂപ തവണകളായി നല്‍കാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഇടനിലക്കാരന്‍ പത്തനംതിട്ട സ്വദേശി അഖില്‍ സജീവാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തുടര്‍ന്നാണ് കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അഖില്‍ മാത്യുവിനെ കാണുകയോ കൈക്കൂലി നല്‍കുകയോ ചെയ്തിട്ടില്ലെന്നു ഹരിദാസന്‍ പിന്നീട് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു.