പാരിസിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്ക് നേരെ ആക്രമണം
പാരിസ് : ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ പാരിസിന്റെ വിവിധയിടങ്ങളിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്കുനേരെ ആക്രമണം. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിച്ചു. അട്ടിമറി ശ്രമമാണു നടന്നതെന്ന് അധികൃതർ പറഞ്ഞു. ശൃംഖലകൾ ആക്രമിക്കപ്പെട്ടതു ഫ്രാൻസിലെ ട്രെയിൻ ഗതാഗതം താറുമാറാക്കി. സംഭവത്തിൽ അന്വേഷണം തുടങ്ങി. ആക്രമിക്കപ്പെട്ട ട്രെയിൻ ശൃംഖലകൾ ഫ്രാൻസിന്റെ കിഴക്ക്, വടക്ക്, തെക്കൻ മേഖലയിലുള്ളവയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും റദ്ദാക്കുകയും ചെയ്തെന്ന് എക്സിൽ അറിയിച്ചു. യാത്രക്കാരോട് യാത്രകൾ മാറ്റിവെക്കാനും അധികൃതർ ആവശ്യപ്പെട്ടു.