ലഹരിമാഫിയ തലവൻ സംബാദ യുഎസിൽ അറസ്റ്റിൽ
ടെക്‌സസ് : ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവൻമാരിൽ ഒരാളായ ഇസ്മായേൽ ‘എൽ മയോ’ സംബാദ (76) യുഎസിൽ അറസ്റ്റിൽ. മെക്സിക്കോയിലെ ലഹരിസംഘമായ സിനലോവ കാർട്ടലിന്റെ സഹസ്ഥാപകനും മുൻ വ്യാപാര പങ്കാളിയുമായ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാന്റെ മകൻ ജോക്വിൻ ഗുസ്മാൻ ലോപ്പസും സംബാദയ്ക്കൊപ്പം പിടിയിലായി. വ്യാഴാഴ്ച ടെക്സസിലെ എൽ പാസോയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നു യുഎസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും അക്രമാസക്തവും ശക്തവുമായ ലഹരിക്കടത്ത് സംഘങ്ങളിലൊന്നാണു സിനലോവ കാർട്ടൽ എന്നാണു യുഎസിന്റെ നിരീക്ഷണം. സംബാദയ്ക്കും ലോപ്പസിനും എതിരെ യുഎസിൽ ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളുണ്ട്. മാരകമായ ഫെന്റനൈൽ ലഹരിമരുന്ന് ഉൾപ്പെടെ ഇവർ യുഎസിൽ എത്തിക്കുന്നതായാണു വിവരം.
18നും 45നും ഇടയിൽ പ്രായമുള്ള അമേരിക്കക്കാരുടെ മരണത്തിന് പ്രധാന കാരണമായി ഡിഇഎ പറയുന്നതു ഫെന്റനൈൽ ഉപയോഗമാണ്. സംബാദയെ പിടികൂടാൻ സഹായിക്കുന്നവർക്കു യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) 15 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തിരുന്നു. ലഹരിക്കടത്തിനു പറമെ സംബാദയ്ക്കു മെക്സിക്കോയിൽ അനധികൃതമായി പാൽക്കമ്പനി, ബസ് സർവീസ്, ഹോട്ടൽ തുടങ്ങിയവയുണ്ടെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ലഹരിക്കടത്ത്, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണ ഇടപാട് തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. സിനലോവ കാർട്ടലിന്റെ മുഖമായി അറിയപ്പെടുന്നത് എൽ ചാപ്പോ ആണെങ്കിലും യഥാർഥ നേതാവ് സംബാദയാണെന്നാണു യുഎസിന്റെ നിഗമനം.