ഒളിമ്പിക്‌സ് ഉദ്ഘാടനം ഇന്ന്: ലോകം പാരീസിലേക്ക്
പാരിസ്: ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് ഇന്ന് പാരീസിൽ തുടക്കം. പാരീസിലെ സെൻ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും. സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് സംസ്കാരവും പുതിയ കാലത്തിന്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും.
ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സിന്റെ ഉദ്ഘാടനം തുറന്നവേദിയിൽ നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സെൻ നദിയിലൂടെയാണ് താരങ്ങളുടെ മാർച്ചുപാസ്റ്റ് നടക്കുക. തുടർന്ന് ഈഫൽ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം നീളുന്ന ഉദ്ഘാടനച്ചടങ്ങ്. പാരീസിന്റെയും ഫ്രാൻസിന്റെയും കലാ-സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന കലാപരിപാടികളുമുണ്ടാകും. വരുന്ന 16 ദിനം, മത്സരങ്ങളുടെ പ്രകമ്പനത്തിലും പാരീസ് ജ്വലിച്ചുനിൽക്കും.
10,500 അത്ലറ്റുകൾ നൂറോളം നൗകകളിലാണ് അണിനിരക്കുക. ആസ്റ്റർലിറ്റ്സ് പാലത്തിനരികിൽനിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റസിൽ അവസാനിക്കും. പഴയ പാലങ്ങൾക്കടിയിലൂടെയും പ്രശസ്തമായ കെട്ടിടങ്ങൾക്കും അരികിലൂടെയുള്ള നദിയിലൂടെ 206 നൗകകൾ പല വർണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് മനോഹര കാഴ്ചയാകും സമ്മാനിക്കുക.
ദീപം തെളിച്ച ശേഷം ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഇവിടെ തന്നെ നടക്കും. ലോക കായിക മാമാങ്കത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിന്റെ സസ്പെൻസ് ഇപ്പോഴും തുടരുകയാണ്. ഇതിഹാസ ഫുട്ബോളർ സിനദിൻ സിദാനടക്കമുള്ള പേരുകളാണ് ദീപം തെളിയിക്കുന്നവരുടെ പട്ടികയായി പ്രചരിക്കുന്നത്. ഉദ്ഘാടന ചടങ്ങിലെ കലാവിരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളും സംഘാടകർ സസ്പെൻസാക്കി വെച്ചിരിക്കുകയാണ്.
അഞ്ചാം തവണ ഒളിമ്പിക്സിനെത്തിയ ടേബിൾ ടെന്നിസ് താരം അജന്ത ശരത് കമലും രണ്ടുവട്ടം മെഡൽ നേടിയ ബാഡ്മിന്റൺ താരം പി വി സിന്ധുവുമാണ് 117 അംഗ ഇന്ത്യൻ സംഘത്തിന്റെ പതാകയേന്തുക. ദേശീയ പതാക ആലേഖനം ചെയ്ത സാരിയും ബ്ലൗസുമാകും ഇന്ത്യൻ വനിതകൾ ധരിക്കുക. ത്രിവർണ പതാകയുടെ അലങ്കാരമുള്ള ജാക്കറ്റും പാന്റ്സുമാകും പുരുഷ അത്ലറ്റുകൾ ധരിക്കുക