അർജുൻ ലോറി നിർത്തിയത് ചായകുടിക്കാനാകണം; ആ കടയും മണ്ണെടുത്തു

0

ഷിരൂർ ( കർണാടക) : പനവേൽ-കന്യാകുമാരി റൂട്ടിലെ ഷിരൂരിൽ 35 വർഷമായി കട നടത്തുന്ന ലക്ഷ്മണയുടെ ധാബയിൽനിന്നു ചായകുടിക്കാനാകണം അർജുൻ ലോറി നിർത്തിയത്. 3 വർഷമായി ഈ റൂട്ടിലെ പതിവു യാത്രക്കാരനാണ് അർജുൻ. മലയാളികളടക്കം ലോറിക്കാർ സ്ഥിരമായി ഇവിടെ നിർത്തും. രാവിലെ 8.15ന് അർജുൻ ഇവിടെ എത്തിയെന്നാണു കരുതുന്നത്. ലക്ഷ്മണ(45), ഭാര്യ ശാന്തി(35), മക്കൾ അവന്തിക(4), റോഷണ്ണ(11), ലക്ഷ്മണയുടെ സഹോദരീ ഭർത്താവ് ജഗന്നാഥ (50) എന്നിവരുടെ മൃതദേഹം 2 ദിവസം കഴിഞ്ഞു പുഴയിൽ നിന്നാണു കിട്ടിയത്. സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാസർ കുദികെ പഞ്ചായത്ത് അധികൃതർ മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് ലക്ഷ്മണയ്ക്കു നോട്ടിസ് നൽകിയിരുന്നു. അപകടദിവസം റെഡ് അലർട്ടിനെത്തുടർന്നു സ്കൂൾ അവധി ആയതിനാൽ മക്കളും കടയിൽ ഉണ്ടായിരുന്നു.

ലക്ഷ്മണയുടെ അച്ഛനാണു കട തുടങ്ങിയത്. 10-ാം വയസ്സുമുതൽ ലക്ഷ്മണ കച്ചവടത്തിനു കൂടെയുണ്ട്. ഷിരൂരിൽ വീടുപണി പുരോഗമിക്കുന്നതിനിടെയാണ് കുടുംബം ഒന്നാകെ ഇല്ലാതായത്. ഭാര്യ ശാന്തി അങ്കണവാടി അധ്യാപികയായിരുന്നു.‌ രാത്രി 8നു തുറന്നു പിറ്റേന്നു രാവിലെ 8ന് കട അടയ്ക്കുന്നതാണു ലക്ഷ്മണയുടെ പതിവ്. ഈ സമയത്ത് എത്തുന്ന ഡ്രൈവർമാർ ചായയും ബ്രഡ് ഓംലറ്റും ദോശയും കഴിച്ചു മടങ്ങും. ഷിരൂർ കുന്നിൽനിന്നുള്ള അരുവിയിൽ കുളിയും കഴിഞ്ഞാകും പിന്നീടുള്ള യാത്ര. ധാബയ്ക്കു മുന്നിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒരേ സമയം 12 ലോറികൾ വരെ പാർക്ക് ചെയ്യാറുണ്ട്. ഇവിടെ ലോറി നിർത്തരുതെന്നു പലതവണ മുന്നറിയിപ്പു നൽകിയതാണെന്നു ഗോകർണ എഎസ്ഐ മാരുതി കേനി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *