ഏതു മതത്തിൽ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി
കൊച്ചി : ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തിൽ വിശ്വസിക്കാനും വ്യക്തികള്‍ക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദം സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങൾ മതം മാറിയതിനാൽ സ്കൂൾ സർട്ടിഫിക്കറ്റിലെ പേരും മതവും മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. എറണാകുളം സ്വദേശികളായ ഇരട്ട സഹോദരങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു മതത്തിൽ ജനിക്കുകയും ഇതേ മതത്തിൽ വിശ്വസിക്കുകയും ചെയ്തിരുന്ന ഇവർ 2017ൽ ക്രൈസ്തവ മതം സ്വീകരിച്ചു. തുടർന്നാണ് സ്കൂൾ സർട്ടിഫിക്കറ്റിലെ പേരും മതവും മാറ്റാനായി അപേക്ഷ നൽകിയത്. പേരു മാറ്റിയെങ്കിലും മതം മാറ്റം രേഖപ്പെടുത്താനുള്ള വകുപ്പില്ലെന്നു ചൂണ്ടിക്കാട്ടി ഈ ആവശ്യം അധികൃതർ തള്ളി. തുടർന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ ആവശ്യമായ ചട്ടങ്ങള്‍ നിലവിൽ ഇല്ലെങ്കിൽ പോലും, ഒരു മതത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ ഒരു വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ അത് കാരണമല്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ഏതു മതത്തിൽ വിശ്വസിക്കാനും ഭരണഘടന സ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരു വ്യക്തി മറ്റൊരു മതം സ്വീകരിച്ചാൽ രേഖകളിലും അതേ മാറ്റങ്ങൾ വരുത്താവുന്നതാണ്. അത്തരം മാറ്റങ്ങൾ നിരസിക്കുന്നത് അപേക്ഷകരുടെ ഭാവിയെ തന്നെ ബാധിക്കുന്ന കാര്യമാണ്. മാത്രമല്ല, അത്തരം സങ്കുചിതമായ നടപടികൾ ഭരണഘടന ഉറപ്പു നൽകുന്ന ഉറപ്പുകൾക്ക് വിരുദ്ധമാണെന്നും ജസ്റ്റിസ് അരുൺ പറഞ്ഞു.