ദുരന്തമുഖത്ത് അർജുൻ എത്തിയത് 15 മിനിറ്റ് മുന്നേ

ഷിരൂർ (കർണാടക) : അർജുനും ലോറിക്കും വേണ്ടിയുള്ള തിരച്ചിലിൽ വിവാദമായതും നിർണായകമായതും ജിപിഎസ് സംബന്ധിച്ച പ്രചാരണങ്ങൾ. ദുരന്തം നടന്ന ജൂലൈ 19നു ശേഷമുള്ള ദിവസങ്ങളിൽ 2 തവണ ലോറിയുടെ എൻജിൻ ഓൺ ആയതായി ജിപിഎസ് സിഗ്നൽ കാണിച്ചു എന്നായിരുന്നു പ്രചാരണം. ലോറി എവിടെയോ കുടുങ്ങിക്കിടക്കുകയായിരിക്കാമെന്നും രക്ഷപ്പെടാൻ വേണ്ടി അർജുൻ എൻജിൻ സ്റ്റാർട്ടാക്കിയതാവാം എന്നും അഭിപ്രായമുയർന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് വിദഗ്ധർ വിശദീകരിച്ചു. ശാസ്ത്രീയതയില്ലാത്ത പ്രചാരണങ്ങൾ തിരച്ചിലിനെ വഴിതെറ്റിക്കുന്നതായി ആരോപണവും ഉയർന്നു. ദുരന്തം നടന്ന ശേഷം പരമാവധി 19 മിനിറ്റ് കൂടി മാത്രമാണ് അർജുന്റെ ലോറിയുടെ ജിപിഎസ് പ്രവർത്തിച്ചത്. ജിപിഎസ് ലൊക്കേഷൻ അവസാനമായി പ്രവർത്തിച്ചത് ജൂലൈ 16ന് രാവിലെ 8.49നാണ്. 8.30നാണ് മണ്ണിടിച്ചിലുണ്ടായത്. ലോറി ഷിരൂരിൽ ഓഫ്‌ലൈനായി എന്ന് സൂചിപ്പിക്കുന്ന റെഡ് സിഗ്‌നലാണ് ജിപിഎസ് മാപ്പിൽ അതിനുശേഷം കാണിക്കുന്നത്.
സാഗർ കോയ ടിമ്പേഴ്സിന്റെ കെഎ 15എ 7427 റജിസ്ട്രേഷനിലുള്ള ഭാരത് ബെൻസ് ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്. സംഭവ ദിവസം അർജുൻ 181 കിലോ മീറ്റർ വാഹനമോടിച്ചിട്ടുണ്ട്. ആകെ 6 മണിക്കൂർ 30 മിനിറ്റ് യാത്രാ സമയം. മണിക്കൂറിൽ 74 കിലോമീറ്റർ ആണ് പരമാവധി വേഗം. ശരാശരി വേഗം 28 കിലോ മീറ്റർ. പലപ്പോഴായി വിശ്രമിച്ചതിനാലാണ് ഇത്ര അധികം സമയം എടുത്തിരിക്കുക. ഇതുപ്രകാരം അർജുൻ യാത്ര ആരംഭിച്ചത് പുലർച്ചെ 2നു ശേഷം ആയിരിക്കണം. പല ഘട്ടങ്ങളിലായി ഒരു മണിക്കൂർ 15 മിനിറ്റ് വണ്ടി ഓൺ ചെയ്തു വച്ച് വിശ്രമിച്ചതായും കാണാം. ഇതിൽ ഏറ്റവും കൂടുതൽ വിശ്രമിച്ച സമയം 14 മിനിറ്റ് 25 സെക്കൻഡാണ്. ഇത് ചിലപ്പോൾ മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ ചായക്കടയ്ക്കു സമീപം ആവാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ 8.15നാവും അർജുൻ ലോറിയുമായി അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടാവുക.