കാലിക്കറ്റ് സര്‍വകലാശാലയിലെ ഡേറ്റാ തട്ടിപ്പിൽ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍ ഡേറ്റാ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാല വിസിയോട് റിപ്പോര്‍ട്ട് തേടി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. സർവകലാശാലയിൽ ഗവേഷകരുടെയും അധ്യാപകരുടെയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിയോഗിച്ചിട്ടുള്ളതാണ് ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍. സര്‍വകലാശാല ബോട്ടണി വിഭാഗത്തിലെ പ്രഫസറായ ഡോ. ജോസ് പുത്തൂരിന്റെ ലേഖനം പ്ലോസ് വണ്‍ എന്ന ജേണല്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി.
ലേഖനം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ജേണല്‍ എഡിറ്റര്‍ പുറത്തിറക്കിയ കുറിപ്പില്‍ ഡേറ്റ കൃത്രിമമാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ പറയുന്നു. വിഷയത്തില്‍ അക്കാദമിക് വിദഗ്ധരുടെ സമിതി അന്വേഷണം നടത്തണമെന്നും, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഡോ. ജോസ് ടി. പുത്തൂരിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി വിസിയോട് ആവശ്യപ്പെട്ടു.