മദ്യപാന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി ഇടിച്ചുള്ള അപകട മരണങ്ങള് ഇല്ലാതായി; ഗണേഷ് കുമാര്‍
തിരുവനന്തപുരം : കര്‍ശനമായ മദ്യപാന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഇടിച്ചുള്ള അപകടങ്ങളിലെ മരണം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. 15 ആഴ്ച മുന്‍പ് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഇടിച്ചു മരിക്കുന്നവരുടെ എണ്ണം ആഴ്ചയില്‍ ഏഴും എട്ടും ആയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഇത് പൂജ്യമാക്കാന്‍ കഴിഞ്ഞു. മറ്റ് അപകടങ്ങളുടെ എണ്ണവും കേരളത്തില്‍ കുറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി അപകടത്തില്‍ മരിക്കുമ്പോള്‍ എത്ര കുടുംബങ്ങളെയാണു ബാധിക്കുന്നതെന്നു തിരിച്ചറിഞ്ഞു ശ്രദ്ധയോടെ വാഹനം ഓടിക്കണം.
കെഎസ്ആര്‍ടിസിയില്‍ ഓണത്തിനു മുന്‍പുതന്നെ ഒറ്റ ഗഡുവായി ശമ്പളം നല്‍കും. നാലാഴ്ച കൊണ്ടു കെഎസ്ആര്‍ടിസിയില്‍ റെക്കോര്‍ഡ് വരുമാനമുണ്ടായി. ബസ് സ്റ്റേഷനുകളില്‍ ശുചിമുറി കോംപ്ലക്സുകള്‍ക്കും ഹോട്ടലുകള്‍ക്കും കരാറായിട്ടുണ്ട്. റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ സമ്മേളന ബോധവല്‍ക്കരണ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.