അധികമാരും കണ്ടിട്ടില്ലാത്ത അനശ്വരയുടെ മനസ്സ്
അനുവിന്റെ (അനശ്വര രാജൻ) മനസ്സ് അധികമാരും കണ്ടിട്ടില്ല. വളരെ അടുത്തവര്‍ക്ക് മാത്രമേ അറിയൂ. അവളാകട്ടെ അങ്ങനെ എല്ലാവരോടും കയറി അടുപ്പം സ്ഥാപിക്കുന്ന കൂട്ടത്തിലുമല്ല. പക്ഷേ അടുപ്പമുളളവരോട് മനസ് നിറയെ സ്നേഹമാണ് അവള്‍ക്ക്. അന്നേരം എന്താണോ അതാണ് അനു. ദേഷ്യം വന്നാലും സങ്കടം വന്നാലും അപ്പോള്‍ പ്രതികരിക്കും. ഒന്നും മനസില്‍ വച്ചുകൊണ്ടിരിക്കില്ല. വളഞ്ഞ ബുദ്ധി തീരെയില്ല. ആരെക്കുറിച്ചും അനു മോശം പറഞ്ഞ് കേട്ടിട്ടില്ല. ഞങ്ങളുടെ വീട്ടില്‍ എല്ലാവരും തന്നെ ഏറെക്കുറെ സമാന സ്വഭാവക്കാരാണ്.
മറ്റുളളവരുടെ ഇഷ്ടങ്ങളിലോ സ്വാതന്ത്ര്യത്തിലോ ഒന്നും അനു ഇടപെടാറില്ല. അച്ഛന് സര്‍വീസില്‍ നിന്നും റിട്ടയറായപ്പോള്‍ എല്ലാവര്‍ക്കൂം കൂടി ഒരുമിച്ച് താമസിക്കാം എന്ന് കരുതിയാണ് കൊച്ചിയില്‍ ഫ്ളാറ്റ് എടുത്തത്. പക്ഷേ ആള്‍ക്ക് സിറ്റിലൈഫിലൊന്നും താത്പര്യമില്ല. പ്രത്യേകിച്ച് ഫ്ളാറ്റ് ജീവിതം തീരെ പഥ്യമില്ല. അങ്ങനെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു പോയി. അവിടെ പാറിപറന്ന് നടക്കുന്നതിലാണ് അദ്ദേഹത്തിന്റെ സന്തോഷം. അച്ഛന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെ നടക്കട്ടെ എന്നായിരുന്നു അനുവിന്റെ നിലപാട്.അസൂയാലുക്കളായ ചിലര്‍ അതിനും കഥകളുണ്ടാക്കി.
‘‘അച്ഛനെ നാട്ടില്‍ തനിച്ചാക്കി അമ്മയും മക്കളും കൊച്ചിയില്‍ അടിച്ചുപൊളിച്ച് ജീവിക്കുകയാണ്’’
സത്യത്തില്‍ അച്ഛനാണ് നാട്ടില്‍ അടിച്ചുപൊളിച്ച് ജീവിക്കുന്നത്. ഞങ്ങള്‍ ഷൂട്ടും ഉറക്കമിളപ്പും നിരന്തര യാത്രയും മറ്റുമായി കഷ്ടപ്പെടുകയാണ്. പക്ഷേ ആളുകള്‍ക്ക് ഇത് അറിയില്ലല്ലോ? അഭിനയമെന്ന് വച്ചാല്‍ സുഖകരമായ ജോലിയാണെന്നാണ് പലരുടെയും ധാരണ. വെയിലും മഴയും മഞ്ഞും സഹിച്ച് രാപ്പകലില്ലാതെ ജോലി ചെയ്യണം. ഒരു ദിവസം ഞാന്‍ ഏട്ടനോട് ചോദിച്ചു.
‘‘നിങ്ങളെന്തിനാണ് വെറുതെ ഞങ്ങളെ പഴി കേള്‍പ്പിക്കുന്നത്. നിങ്ങള്‍ക്ക് ഇവിടെ വന്ന് നിന്നുകൂടെ?’’
അപ്പോള്‍ ഏട്ടന് തിരിച്ചു ചോദിക്കും. ‘‘നമ്മള് നാട്ടുകാരുടെ ചിലവിലാണോ ജീവിക്കുന്നത്? എനിക്കിതാണ് ഇഷ്ടം’’
ഇതൊന്നുമറിയാതെ ഞങ്ങള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ ആളുകള്‍ ചോദിക്കും. ‘‘നിങ്ങളെന്താ രാജനെ കൊണ്ടുപോകാത്തത്?’’
ആള്‍ക്ക് ഇവിടെ ഫ്ളാറ്റില്‍ അടച്ചിട്ട പോലെ ഇരിക്കാന്‍ ഇഷ്ടമില്ല. ഒരു ജയിലില്‍ കിടക്കും പോലെയാണ് തോന്നുന്നതെന്നും ആകെ മടുപ്പാണെന്നും പറയും. പിന്നെ നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ എന്ന് ഞങ്ങളും കരുതും. അനുമോളും അച്ഛന്റെ തനിപകര്‍പ്പാണ്. അവള്‍ക്ക് ഒരു നിമിഷം വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. എവിടെയെങ്കിലും അച്ഛനെ മകള്‍ക്ക് കൂട്ടിന് വിട്ടാല്‍ അച്ഛനെ ആ പരിസരത്ത് പോലും കാണില്ല. പിന്നെ അച്ഛനെ തപ്പി മോള് നടക്കേണ്ടി വരും. ഒറ്റയ്ക്ക് കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കിലും ഇപ്പോള്‍ ഞാനതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. പരദൂഷണക്കാരുടെ വര്‍ത്തമാനം കേട്ട് ഞാന്‍ വിഷമിക്കുമ്പോള്‍ അനുമോള്‍ സമാധാനിപ്പിക്കും.
‘‘നമ്മള് അതൊന്നും മൈന്‍ഡ് ചെയ്യാന്‍ നിക്കണ്ട. നമ്മുടെ സന്തോഷമാണ് വലുത്. അച്ഛന് അവിടെ സന്തോഷമായി കഴിയുന്നുണ്ട്. നമ്മള് ഇവിടെയും ഹാപ്പിയായി ഇരിക്കുന്നു. പിന്നെ മറ്റുളളവര്‍ക്ക് എന്താണ് പ്രശ്നം?’’
ഏട്ടന് അമ്മയോട് ഭയങ്കര സ്നേഹമാണ്. വയസ്സുകാലത്ത് അമ്മയെ നന്നായി നോക്കണമെന്ന് പുളളിക്ക് നിര്‍ബന്ധമാണ്. കൊച്ചിയില്‍ വന്നാല്‍ തന്നെ ഞാനും മക്കളും-ഞങ്ങള്‍ മൂന്നു പേരും-ഫ്ളാറ്റില്‍ ഒരുമിച്ചുളളപ്പോഴേ വരു. അങ്ങിനെയുളള സന്ദര്‍ഭങ്ങളില്‍ രണ്ട് മൂന്ന് ദിവസം നില്ക്കും. അല്ലെങ്കില്‍ വന്നാലുടനെ പറയും. ‘‘എനിക്ക് പോകണം.’’
നമ്മള് ഏത് വസ്ത്രം ധരിക്കണമെന്ന് പോലും തീരുമാനിക്കുന്നത് പലപ്പോഴും നാട്ടുകാരാണ്. കരിവളളൂരിലുളള സമയത്ത് മോള് ജീന്‍സൊക്കെയിട്ട് നടക്കുമ്പോള്‍ നാട്ടുകാര്‍ മുറുമുറുക്കും. ഞാന്‍ പോയി മോള്‍ക്ക് മോഡേണ്‍ ഡ്രസുകള്‍ വാങ്ങികൊടുക്കും. അവള്‍ക്കത് വലിയ ഇഷ്ടമാണെന്ന് എനിക്കറിയാം. നാട്ടുകാര്‍ ഒരു വിചിത്രജീവിയെ കാണുന്നതു പോലെ നോക്കും. ഞാനതൊന്നും കാര്യമാക്കാറില്ല. കുട്ടികളുടെ സന്തോഷത്തിനാണ് ഞാനും ഏട്ടനും മൂന്‍തൂക്കം നല്‍കാറുളളത്.
അനുമോളുടെ പതിനെട്ടാം പിറന്നാള്‍ കൊറോണ സമയത്തായിരുന്നു. ചേച്ചിയുമായിട്ടാണ് അനുവിന് ഏറ്റവും കൂട്ട്. എന്ത് ആവശ്യമുണ്ടെങ്കിലും അവള് ചേച്ചിയോട് പറയും. പക്ഷേ സ്വന്തം പിറന്നാള്‍ വന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. അച്ചു പക്ഷേ അത് മുന്‍കൂട്ടി കണ്ട് പതിനെട്ടാം പിറന്നാളിന് പതിനെട്ട് സമ്മാനങ്ങള്‍ വാങ്ങി അനു അറിയാതെ രഹസ്യമായി സൂക്ഷിച്ചു വച്ചു. അനുവിന് ഒരു സര്‍പ്രൈസ് കൊടുക്കുകയായിരുന്നു ഉദ്ദേശം. അതില്‍പെട്ട ഒന്നാണ് പിന്നീട് വിവാദമായ അനുവിന്റെ ഡ്രസ്. ഒരു ദിവസം ഞാന്‍ അടുക്കളയില്‍ പാചകം ചെയ്തു കൊണ്ടിരിക്കൂമ്പോള് അനു അടുത്തു വന്ന് ഈ ഡ്രസ് ധരിച്ചുള്ള ഫോട്ടോ കാണിച്ചിട്ട് അമ്മേ ഈ ഫോട്ടോ എങ്ങനെയുണ്ട് എന്ന് ചോദിച്ചു. കൊളളാം മോളെ എന്ന് ഞാന്‍ പറയുകയും ചെയ്തു. അത്രേ എനിക്ക് ഓര്‍മ്മയുളളു. പിന്നെ ഞാന്‍ എയറിലായിരുന്നു.
കൊറോണാക്കാലമാണ് അന്ന്. ഞങ്ങളുടെ ഒരു ബന്ധുവിന്റെ കല്യാണം വന്നു. വളരെ അടുത്ത ആളുകള്‍ അടക്കം കുറച്ചു പേര് മാത്രം പങ്കെടുക്കുന്ന ചടങ്ങ്. അതില്‍ സംബന്ധിക്കാനായി ഞങ്ങള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു പ്രമുഖ ചാനലില്‍ നിന്ന് കാള്‍ വന്നു. ‘‘അനശ്വരയുടെ ഒരു ഇന്റര്‍വ്യൂ വേണമായിരുന്നു’’
ഞാന്‍ ചോദിച്ചു: ‘‘എന്ത് ഇന്റര്‍വ്യൂ? പടമൊന്നും ഇപ്പോള്‍ റിലീസ് ചെയ്യാനില്ലല്ലോ?’’
‘‘അല്ലാ..അനശ്വര ഒരു ഡ്രസിട്ടില്ലേ? അതിനെക്കുറിച്ചാണ്’’
‘‘ഡ്രസിട്ടതിന് ഇന്റര്‍വ്യൂവോ..അതെന്താ അങ്ങനെ?’’
‘‘ഡ്രസിട്ട് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തില്ലേ. അതിനാണ്’’
‘‘അതിന് ഇന്റര്‍വ്യൂവോ? ഞങ്ങള്‍ ഒരു കല്യാണത്തിന് പൊയ്ക്കൊണ്ടിരിക്ക്യാ…പിന്നെ വിളിക്കാം’’, എന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തു. കല്യാണവീട്ടില്‍ ചെന്നു കയറിയതും കോളുകളുടെ പ്രവാഹം. ബന്ധുക്കളും നാട്ടുകാരും എന്ന് വേണ്ട ചോദ്യശരങ്ങളുമായി നൂറുകണക്കിന് ആളുകള്‍ ചുറ്റും. ഞാനും ഏട്ടനും ശരിക്കും എയറിലായിരുന്നു ദിവസങ്ങളോളം. വീട്ടില്‍ വന്ന ശേഷവും സ്വൈര്യമില്ല. ബന്ധുക്കളും നാട്ടുകാരും എല്ലാം വിളിച്ചു ചോദിക്കുകയാണ്. ഏതോ മഹാപരാധം ചെയ്ത മട്ടിലാണ് ചോദ്യം. അനു വിഷമിക്കുമോ എന്നതിലായിരുന്നു അപ്പോഴും ഞങ്ങള്‍ക്ക് സങ്കടം. അവള് വിഷമിച്ചിരിക്കുന്നതു കണ്ട് അച്ഛന് ചെന്നു പറഞ്ഞു. ‘‘എടാ നീ വിഷമിക്കണ്ട. നിനക്ക് ഞാന്‍ ഇതിലും മോഡേണ്‍ ഡ്രസ് വാങ്ങിത്തരാം. കുറ്റപ്പെടുത്തുന്നവര്‍ പോയി പണി നോക്കാന്‍ പറ..’’
അടുത്ത ദിവസം അവളുടെ ഒരു അഭിമുഖം എടുക്കാന്‍ വന്നപ്പോള്‍ അനു ആത്മവിശ്വാസത്തോടെ പറഞ്ഞു. ‘‘എന്റെ അച്ഛന് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഇനി എനിക്ക് ആരെയും ബോധിപ്പിക്കാനില്ല’’
ആ അഭിമുഖം ആരൊക്കെയോ തറവാട്ടില്‍ പോയി അമ്മയെ കൊണ്ടുകാണിച്ചു. അമ്മയ്ക്ക് ആകെ വിഷമമായി. അമ്മ ഏട്ടനോട് ചോദിച്ചു. ‘‘നീ എന്തിനാ മോനെ ഇങ്ങനെയൊക്കെ പറയാന്‍ പോയത്? അങ്ങനെയൊക്കെയിട്ട് നടക്കാന്‍ പാടുണ്ടോ?’’
അപ്പോഴും ഏട്ടന് പറഞ്ഞു. ‘‘അമ്മേ..നമ്മുടെ കാലമല്ല ഇത്. അതൊക്കെ കുഞ്ഞുങ്ങളുടെ ഇഷ്ടമാണ്. നമ്മള് അതിലൊന്നും ഇടപെടേണ്ട ആവശ്യമില്ല’’
എനിക്ക് ശരിക്കും ഷോക്കായി. മക്കളെക്കുറിച്ച് എല്ലാവരും നല്ലത് മാത്രം പറയണമെന്ന് ആഗ്രഹിച്ച ഒരാളാണ് ഞാന്‍. അംഗനവാടിയില്‍ ക്ലാസെടുക്കുന്ന സമയത്ത് ഞാന്‍ പതിവായി കുട്ടികളോട് പറയുമായിരുന്നു.
‘‘ഡ്രസിന്റെ കാര്യത്തില്‍ നമ്മള് ശ്രദ്ധിക്കണം. മറ്റുളളവര്‍ക്ക് പറയാന്‍ അവസരം ഉണ്ടാക്കി കൊടുക്കരുത്’’
‘‘ഞങ്ങളെ ഉപദേശിക്കുന്ന ടീച്ചറുടെ മകള്‍ക്ക് ഇങ്ങനെയുളള ഡ്രസിട്ട് നടക്കാന്‍ പറ്റ്വോ?’’എന്ന് നാളെ അതേ കുട്ടികള്‍ എന്റെ മുഖത്ത് നോക്കി ചോദിച്ചാലോ? അത് കൂടി ഓര്‍ത്തപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം വന്നു. സഹികെട്ട് ഞാന്‍ മോളോട് ചോദിച്ചു. ‘‘എന്തിനായിരുന്നു മോളെ ഇത്?’’
അനു ആ ഡ്രസിട്ടതായിരുന്നില്ല എന്റെ പ്രശ്നം. ആളുകളുടെ പ്രതികരണമാണ് നമ്മളെ വിഷമിപ്പിക്കുന്നത്. ആ നാട്ടിലുളള ഒരു സ്ത്രീ പറഞ്ഞത് കേട്ടപ്പോള്‍ ശരിക്കും എനിക്ക് ദേഷ്യം വന്നു. ‘‘ഈ വീട്ടില്‍ ആണ്കുട്ടികളുളളതാണ്. പെണ്‍കുട്ടികള്‍ ഡ്രസ് ധരിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണ്ടേ?’’
അവര്‍ പറഞ്ഞതിലെ അനൗചിത്യം എന്നെ വിറളി പിടിപ്പിച്ചു. അവരുടെ ആണ്‍കുട്ടികളൊക്കെ പെണ്‍കുട്ടികളുടെ കാല് നോക്കി നടക്കുകയാണോ? അവര്‍ക്ക് അവരുടെ ആണ്മക്കളെ വിശ്വാസമില്ലെന്നല്ലേ ആ പറഞ്ഞതിന് അർഥം? പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ പഠിപ്പിക്കേണ്ടത് ആ പറഞ്ഞ സ്ത്രീയുടെ ചുമതലയല്ലേ? നാട്ടില്‍ ആണ്‍കുട്ടികള്‍ ഉണ്ടെന്നു കരുതി പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിച്ചുകൂടെ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. പക്ഷേ ഒന്നിനും ഉത്തരമുണ്ടായില്ല. ദിവസങ്ങള്‍ക്കുളളില്‍ കൊടുങ്കാറ്റ് കെട്ടടങ്ങി. അല്ലെങ്കിലും അനശ്വര രാജന് അങ്ങനെയൊരു വസ്ത്രം ധരിച്ചത് ഒരു രാജ്യാന്തര പ്രശ്നം ഒന്നുമല്ലല്ലോ?